ഫേസ്ബുക്ക് സ്‌കൂൾ ഓഫ് ഇന്നോവേഷന്റെ വിആർ മത്സരത്തിലേയ്ക്ക് കേരളത്തിൽ നിന്ന് രണ്ട് ടീമുകൾ

Posted on: February 24, 2019

കൊച്ചി : ഫേസ്ബുക്ക് സ്‌കൂൾ ഓഫ് ഇന്നോവേഷന്റെ വെർച്വൽ റിയാലിറ്റി ഡെമോ ഡേയിൽ കേരളത്തിൽ നിന്നുള്ള രണ്ട് എൻജിനീയറിംഗ് കോളജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. വികസിച്ചു വരുന്ന സാങ്കേതികവിദ്യകൾക്ക് വേണ്ടിയുള്ള ഈ മത്സരങ്ങൾ നടക്കുന്നത് ബംഗലുരുവിലാണ്.

ഫേസ്ബുക്കും സ്റ്റാർട്ടപ്പ് വില്ലേജ് കളക്ടീവും ചേർന്ന് ഫെബ്രുവരി 23 നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വെർച്വൽ റിയാലിറ്റി അധിഷ്ഠിതമായ മികവിന്റെ മത്സരത്തിൽ രാജ്യത്തെമ്പാടുമുള്ള 21 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോട്ടയത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ കോളേജുകളിലെ വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

കോഴിക്കോട് എൻഐടിയിലെ ക്രിസ്‌റ്റോ കുര്യൻ, ആഷിക് അബ്ദുൾ ഹമീദ്, മുഹമ്മദ് ഫവാസ് എന്നീ വിദ്യാർത്ഥികൾ അംഗങ്ങളായ ആഡം ഗെയിംസ് എന്ന ടീം നിർമ്മിച്ച ‘ഫാം ലോർഡ്’ എന്ന വിആർ ഗെയിമാണ് ഇവർക്ക് ഈ മത്സരത്തിലേക്ക് യോഗ്യത നേടിക്കൊടുത്തത്. കളിയോടൊപ്പം കൃഷി അനുഭവവേദ്യമാക്കുകയാണ് ഈ ഗെയിമിലൂടെ ചെയ്യുന്നത്. ഐടി വ്യവസായ വിദഗ്ധനായ ശരത് ചന്ദ്രയുടെ ഉപദേശങ്ങൾ അടിസ്ഥാനമാക്കിയാണ് മൂവരും ഈ ഗെയിം വികസിപ്പിച്ചെടുത്തത്.

ദി റേഡിയന്റ് ടീമാണ് കോട്ടയം പാമ്പാടിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളുടേത്. അനജ് ആന്റണി തുടക്കമിട്ട ടീമിൽ കമൽ ജോൺസൺ, മാഷൽ മാളിയേക്കൽ എന്നിവരാണുള്ളത്. ബേഡ്‌സ് ഐ വ്യൂ എന്ന പേരിട്ടിരിക്കുന്ന ഈ ഗെയിമിൽ വിമാനം പറത്താനുള്ള സൗകര്യമാണുള്ളത്. വ്യവസായ വിദഗ്ധനായ ശുഭം അഗർവാളിന്റെ ഉപദേശമനുസരിച്ചാണ് ഇവർ ഇത് വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ ആറുമാസമായി ഈ ഗെയിമുകൾ വികസിപ്പിക്കാനുള്ള തീവ്രപരിശീലനത്തിലായിരുന്നു വിദ്യാർത്ഥികൾ. വ്യവസായ പ്രമുഖർ, വൈസ് ചാൻസലർമാർ, വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികൾ തുടങ്ങിയവർ ഈ പരിപാടിയിൽ അതിഥികളായി എത്തുന്നുണ്ട്. ബംഗലുരു, മീററ്റ്, പിലാനി, പുനെ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന 8 ദേശീയ ടീമുകളുമായാണ് ഇവർ മാറ്റുരയ്ക്കുന്നത്.

കഴിഞ്ഞ ആറുമാസത്തെ തീവ്രപരിശീലനത്തിന്റെ ഫലം പ്രദർശിപ്പിക്കാൻ ലഭിച്ച മികച്ച അവസരമാണ് ദേശീയ വിആർ ഡേയെന്ന് ആഡം ഗെയിംസ് ടീമംഗമായ ആഷിക് അബ്ദുൾ ഹമീദ് പറഞ്ഞു. വ്യവസായ സംരംഭങ്ങളിൽനിന്ന് ഏറെ പഠിക്കാനും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മികച്ച സംരംഭങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനുമുള്ള അവസരമാണിത്.

വ്യവസായ പങ്കാളിയായ സ്‌കേപിക് ആൻഡ് യുണിറ്റിയുമായി ചേർന്ന് ലോകോത്തരമായ വി ആർ അധിഷ്ഠിത മാതൃകകൾ സൃഷ്ടിക്കലാണ് വി ആർ പരിപാടിയുടെ ഉദ്ദേശ്യം. വ്യവസായ പ്രതിനിധിയും ഫേസ്ബുക്ക് സംഘവും ചേർന്നാണ് മികച്ച ടീമുകളെ തെരഞ്ഞെടക്കുന്നത്.