ഡിജിറ്റൽ ഓഷ്യൻ എസ്‌വി.കോയുടെ ക്ലൗഡ് പാർട്ട്ണർ

Posted on: January 3, 2017

കൊച്ചി : ക്ലൗഡ് പ്ലാറ്റ്‌ഫോം ദാതാക്കളാകുന്നതിന് അമേരിക്കയിലെ ഡിജിറ്റൽ ഓഷ്യനുമായി വിദ്യാർഥി സ്റ്റാർട്ടപ്പുകൾക്കായുള്ള ലോകത്തെ ആദ്യ ഡിജിറ്റൽ ഇൻക്യുബേറ്ററായ എസ്‌വി.കോ ധാരണാപത്രം ഒപ്പുവച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും വ്യവസായങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലെ പ്രയാസങ്ങൾ ലളിതമാക്കാനുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽഓഷ്യൻ. നെറ്റ്ക്രാഫ്റ്റ് ഡോട്ട്‌കോമിന്റെ കണക്കനുസരിച്ച് പൊതുഉപയോഗത്തിലുള്ള ആപ്ലിക്കേഷനുകളുടെയും വെബ്‌സൈറ്റുകളുടെയും എണ്ണത്തിൽ രണ്ടാത്തേതും, ഏറ്റവും വേഗം വളരുന്നതുമായ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽഓഷ്യൻ.

ബംഗലുരുവിൽ ഒപ്പുവച്ച ധാരണാപത്രപ്രകാരം എസ്‌വി.കോയുടെ സൗജന്യ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എംഒഒസി) പൂർത്തിയാക്കുന്നവർക്ക് ക്ലൗഡ് ക്രെഡിറ്റുകൾ ലഭിക്കും. സിലിക്കൺവാലി പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് അധികം ക്രെഡിറ്റ് നേടാനാകും. ഫസ്റ്റ് ഇയർ എൻജിനീയറിംഗ് വിദ്യാർഥികൾക്കായുള്ള ഒരുമാസത്തെ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സായ സിക്‌സ് വേയ്‌സ് ടു ഗ്രാജുവേറ്റ് (www.sv.co/sixways) സംരംഭകത്വത്തിലെ അടിസ്ഥാനങ്ങൾ പഠിപ്പിക്കുന്നു. ആറുമാസം ദൈർഘ്യമുള്ള സിലിക്കൺ വാലി പ്രോഗ്രാമാണ് എസ്‌വി.കോയുടെ സ്റ്റാർട്ട്ഇൻകോളജ് പദ്ധതിയിലെ പ്രധാന കോഴ്‌സ്.

പുതിയ സ്റ്റാർട്ടപ്പുകൾക്ക് ടെക്‌നോളജി കമ്പനികൾ തുടങ്ങാൻ ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളാണ് ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്നെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. ഡിജിറ്റൽഓഷ്യനുമായുള്ള പങ്കാളിത്തത്തിലൂടെ ലോകനിലവാരത്തിലുള്ള സാങ്കേതികവിദ്യയും പിന്തുണയും ഇന്ത്യയിലുടനീളമുള്ള വിദ്യാർഥി സ്റ്റാർട്ടപ്പുകൾക്ക് എത്തിക്കാൻ സാധിക്കും. ക്ലൗഡ് ഇൻഫ്രാസ്ട്രക്ച്ചറിലെ പ്രമുഖ കമ്പനിയുടെ വൈദഗ്ധ്യവും വിഭവങ്ങളും കോളജ് സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.