പ്രളയാനന്തര പുനർനിർമ്മാണം പാരമ്പര്യത്തിലൂന്നി വേണം : അൻഷു ഗുപ്ത

Posted on: September 22, 2018

കൊച്ചി : കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണം തനതു പാരമ്പര്യമൂല്യങ്ങൾ മുറുകെ പിടിച്ചാണ് നടത്തേണ്ടതെന്ന് പ്രമുഖ ദുരിതാശ്വാസ സന്നദ്ധ സംഘടനായായ ഗൂഞ്ച് സ്ഥാപകൻ അൻഷു ഗുപ്ത പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച പ്രളയാനന്തര കേരള പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ആശയവിനിമയ ചർച്ചയായ മീറ്റ് അപ് കഫെയിൽ സംസാരിക്കുകയായിരുന്നു അദേഹം.

അൻപോട് കൊച്ചി കോർഡിനേറ്റർ ജയറാം സുബ്രഹ്മണ്യൻ, കംപാഷണേറ്റ് കേരളം വോളണ്ടിയർ ഹരികൃഷ്ണൻ, ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഗോപിനാഥൻ പറയിൽ, പ്രളയ ദുരിതാശ്വാസത്തിൽ നിസ്തുലമായ പങ്ക് വഹിച്ച റിയാഫി ടെക്‌നോളജീസ്, ക്യൂകോപ്പി, പ്രൊഫൗണ്ടിസ് എന്നീ് സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളായ ജോൺ മാത്യൂ, അരുൺ ഗോപി, ജോഫിൻ ജോസഫ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ബിഹാർ, ജമ്മുകാശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നാം പ്രളയം കണ്ടു കഴിഞ്ഞു. ഈ സ്ഥലങ്ങളിലെല്ലാം പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവിടുത്തെ പാരമ്പര്യമോ, പ്രകൃതിപരമായ പ്രത്യേകതകളോ കണക്കിലെടുത്തല്ല നടത്തിയത്. ഈ പ്രദേശങ്ങൾക്ക് വെളിയിലുള്ള ഏജൻസികളോ വ്യക്തികളോ ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. അതിന്റെ പ്രശ്‌നങ്ങൾ ഇപ്പോൾ അവിടുത്തെ ജനങ്ങൾ അനുഭവിക്കുകയാണെന്നും അൻഷു ഗുപ്ത ചൂണ്ടിക്കാട്ടി.

കേരളത്തിന് തനതായി ഒരു നിർമ്മാണ ശൈലിയുണ്ട്. അതിൽ നിന്നു വ്യത്യസ്തമായി എന്തു തന്നെ നിർമ്മിച്ചാലും അത് ഇവിടുത്തെ ആവാസ വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് അദേഹം പറഞ്ഞു. ദുരന്തങ്ങൾ നൂറു വർഷത്തിലൊരിക്കലേ വരൂ എന്ന തെറ്റിദ്ധാരണയാണ് എല്ലാവരെയും നയിക്കുന്നത്. എന്നാൽ ഈ പ്രളയം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങൾ അടുത്ത വർഷങ്ങളിലും നിലനിൽക്കും. ചെറിയ മഴ പെയ്താൽ പോലും വെള്ളം പൊങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നും അദേഹം പറഞ്ഞു.

ദുരിതമുണ്ടായ സമയത്ത് എല്ലാ വിധ സാധനങ്ങളും സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇനിയുള്ള മൂന്നു മാസമാണ് യഥാർത്ഥ സഹായം ദുരിതബാധിതർക്ക് വേണ്ടത്. അതിനാൽ സന്നദ്ധ പ്രവർത്തകർ അവശ്യസാധനങ്ങൾ ജനങ്ങൾക്കെത്തിക്കുന്നത് മൂന്നുമാസത്തേക്കെങ്കിലും തുടരണമെന്നും അൻഷു ഗുപ്ത പറഞ്ഞു.

സന്നദ്ധ പ്രവർത്തനങ്ങളിലൂന്നിയ സംരംഭം നടത്തുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്ന് സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദേഹം പറഞ്ഞു. കോർപ്പറേറ്റ് ജോലി പോലെ ചെയ്യാൻ പറ്റുന്ന ഒന്നല്ല ഇത്. സാമ്പത്തികമായ ഭദ്രതയോടൊപ്പം മാനസികമായ സംതൃപ്തിയാണ് സാമൂഹ്യ സംരംഭങ്ങളുടെ മേന്മയെന്ന് അദേഹം പറഞ്ഞു.