സ്റ്റാർട്ടപ്പ് വില്ലേജിൽ ഫിൻടെക് സ്റ്റുഡിയോ

Posted on: June 24, 2015

 

Startup-Village-Kochi-big

എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൊച്ചി സ്റ്റാർട്ടപ്പ്
വില്ലേജ് ഫിൻടെക് സ്റ്റുഡിയോ എന്ന പേരിൽ പദ്ധതി തയാറാക്കി. ആധുനികരീതിയിലുള്ളസജ്ജീകരണങ്ങളും ഒപ്പം മാർഗനിർദേശങ്ങളുമടങ്ങിയതാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകളിൽ നിന്ന് അഞ്ചു വിദ്യാർഥികൾ വീതമടങ്ങിയ 40 ടീമുകളെ തെരഞ്ഞെടുക്കും.

ഓരോ ടീമിനും നൽകുന്ന സ്റ്റാർട്ടപ് ബോക്‌സിൽ ഒരുഐഫോൺ, ഐപാഡ് മിനി, മാക്ബുക്ക് എയർ, നെക്‌സസ് 5, കിൻഡിൽ, ഒരു ടിബി ഹാർഡ് ഡിസ്‌ക്, സ്റ്റാർട്ടർകിറ്റ് എന്നിവയും കമ്പനി രജിസ്‌ട്രേഷൻ ഉടമ്പടി, ബാങ്ക്അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫോം, സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി സംരംഭക നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം ലഭിക്കാനുള്ള അപേക്ഷാഫോം എന്നിവയുമുണ്ടായിരിക്കും.

കേരള സ്റ്റാർട്ടപ് മിഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. നടത്തിപ്പ് സ്റ്റാർട്ടപ്പ് വില്ലേജിനാണ്. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുള്ള സമ്പൂർണ പിന്തുണ സ്റ്റാർട്ടപ് വില്ലേജും സാമ്പത്തികവൈദഗ്ധ്യം ഫെഡറൽ ബാങ്കും നൽകും. ഓരോ ടീമിലും പ്രോഗ്രാമിംഗ്, ഡിസൈനിംഗ്, ഓപറേഷൻസ്, ഗവേണൻസ് എന്നീ മേഖലകളിൽ താത്പര്യമുള്ളവരെയാണ് ഉൾപ്പെടുത്തുന്നത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള സ്റ്റാർട്ടപ് നയം വിഭാവനം ചെയ്യുന്നത് സംരംഭക സൗഹൃദ അന്തരീക്ഷമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ സംരംഭക പദ്ധതികളിലൊന്നാണ് സ്റ്റാർട്ടപ് ബോക്‌സെന്നും സംസ്ഥാന ഐടി-വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ വ്യക്തമാക്കി. ഒരുഡിജിറ്റൽ സാങ്കേതിക സംരംഭം തുടങ്ങുന്നതിനുള്ള ലോകോത്തര സജ്ജീകരണങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ആദ്യ ബാച്ചിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഫിൻടെക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുക. ബാങ്കിംഗ്-ധനകാര്യമേഖലയ്ക്കുള്ള യാഥാർത്ഥ്യ പൂർണമായ സാങ്കേതിക പരിഹാരമാർഗങ്ങളായിരിക്കും ഇതിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ജൂലൈയിൽ തുടങ്ങി ആറുമാസത്തിനകം ഈ വിഷയത്തിലെ ആശയത്തിന്റെ ആദ്യരൂപം അവതരിപ്പിക്കേണ്ടി വരും. ഫെഡറൽ ബാങ്കുമായി ചേർന്ന് സ്റ്റാർട്ടപ്പ് വില്ലേജ് രൂപം നൽകിയിട്ടുള്ള സ്റ്റാർട്ടപ്പ് സ്റ്റുഡിയോ സംവിധാനമായ ഫിൻടെക് ആക്‌സിലറേറ്റർ പ്രോഗ്രാമുമായി ടീമുകളുടെ പ്രവർത്തനം സംയോജിപ്പിക്കും.

ഫിൻടെക് ആശയങ്ങൾ നിർണയിച്ച് പ്രവർത്തിപ്പിക്കുന്നതിന് ബംഗലുരുവിലെ ഡേറ്റ അനലിറ്റിക്‌സ്സ്ഥാപനമായ ടാക്‌സൺ ലബോറട്ടറിയുമായും സഹകരിക്കും. http://startupstudio.co.in എന്ന വെബ്‌സൈറ്റിൽ വിദ്യാർഥികൾക്ക് അപേക്ഷ നൽകാം.

കേരളത്തിന്റെ മികച്ച മനുഷ്യശേഷി വിനിയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ ശരിയായ ദിശയിൽ നീങ്ങിയിരിക്കുകയാണെന്ന്‌ഫെഡറൽ ബാങ്ക് പ്രോഡക്ട്‌സ് ജനറൽമാനേജർ ആന്റു ജോസഫ് പറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗ് യാഥാർത്ഥ്യമാകുമ്പോൾ ഇടപാടുകാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന് വിദ്യാർഥികളിൽ നിന്നും യുവസംരംഭകരിൽ നിന്നും സജീവമായ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതോടെ അടുത്ത തലമുറയിൽപെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ വ്യക്തമാക്കി.