ദേന ബാങ്കിന്റെ മുംബൈയിലെ ആസ്ഥാനമന്ദിരം വില്‍ക്കുന്നു

Posted on: September 13, 2019

മുംബൈ : ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച ദേന ബാങ്കിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം വില്‍ക്കുന്നു. മുംബൈയിലെ തിരക്കേറിയ ബാന്ദ്ര കുര്‍ള കോപ്ലക്‌സിലുള്ള (ബി. കെ. സി.) കെട്ടടത്തിന് 530 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ലേലത്തിലൂടെ ഒക് ടോബര്‍ 18 – നായിരിക്കും വില്‍പ്പന.

2878.36 ചതുരശ്രമീറ്റര്‍ സ്ഥലത്ത് എട്ടു നിലകളിലായുള്ള ദേന കോര്‍പ്പറേറ്റ് സെന്റര്‍ എന്ന പേരിലുള്ള കെട്ടടത്തിന് 9953.73 ചതുരശ്രമീറ്റര്‍ (ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി) വിസ്തൃതിയാണുള്ളത്. കോണ്‍ഫറന്‍സ് മുറി, ഓഡിറ്റോറിയം, ലൈബ്രറി, ജിംനേഷ്യം എന്നിവ ഉള്‍പ്പെടെയുള്ളതാണ് ഓഫീസ് സമുച്ചയം. കെട്ടിടത്തിന് ബാധ്യതകളൊന്നും ഇല്ലെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ദേന ബാങ്കിനെയും വിജയ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2019 ഏപ്രില്‍ ഒന്നുമുതല്‍ ലയനം നടപ്പാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് ദേന ബാങ്കിന്റെ ആസ്ഥാന മന്ദിരം വില്‍ക്കുന്നത്.

ബി. കെ. സി.യില്‍ ഓഫീസ് സമുച്ചയത്തിന് വലിയ ആവശ്യം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ പ്രൈവറ്റ് ഇക്വിറിറി സ്ഥാപനമായ ബ്ലാക്‌സ്റ്റോണ്‍ ഗ്രൂപ്പ് ഇവിടെ ഏഴുലക്ഷം ചതുരശ്ര അടിയിലുള്ള ഓഫീസ് സമുച്ചയം വാങ്ങിയത് 2500 കോടി രൂപയ്ക്കായിരുന്നു.

TAGS: Dena Bank |