ഐഐഎം ഉദയ്പൂരില്‍ ജെഎം ഫിനാന്‍ഷ്യലിന്റെ ധനകാര്യ ഗവേഷണ കേന്ദ്രം

Posted on: December 1, 2023

കൊച്ചി : പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ജെഎം ഫിനാന്‍ഷ്യലുമായിച്ചേര്‍ന്ന് ധനകാര്യ ഗവേഷണ പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് ഉദയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് (ഐ ഐ എം) അറിയിച്ചു. ധനകാര്യ, അനുബന്ധ വിഷയങ്ങളില്‍ പഠനം നടത്തുന്നവര്‍ക്ക് ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ജെഎം ഫിനാന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് എന്ന പേരില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ലക്ഷ്യം.

ഉദയ്പൂര്‍ ഐഐഎമ്മിലെ മികച്ച ധനകാര്യ വിദ്യാര്‍ത്ഥിക്ക് ഓരോ വര്‍ഷവും മൂന്നു ലക്ഷം രൂപയുടെ അവാര്‍ഡും നല്‍കും. ധനകാര്യ, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണം, ശില്‍പ ശാലകള്‍, വ്യവസായരംഗവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവയും ബന്ധപ്പെട്ട സംഘടനകളുമായിച്ചേര്‍ന്ന് വിദ്യാഭ്യാസ പരിപാടികളും നടത്താന്‍ പദ്ധതിയുണ്ട്.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ധനകാര്യ സാങ്കേതിക മേഖലകളില്‍ നിന്നും അക്കാദമിക് രംഗത്തു നിന്നുമുള്ള വിദ്ഗധരടങ്ങിയ ഉപദേശക സമിതിയായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക. കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ എംബിഎ യും വിവിധ കോഴ്സുകളും ഉഭയ കക്ഷി ധാരണ പ്രകാരം നടത്തും. ജെഎം ഫിനാന്‍ഷ്യലിന്റെ 50 ാം വാര്‍ഷികത്തോടനുബന്ധിച്ച് സിഎസ് ആര്‍ പദ്ധതിയുടെ ഭാഗമായാണ് ഗവേഷണ,പഠന കേന്ദ്രം ആരംഭിക്കുന്നത്.