അബുദാബിയില്‍ ഇത്തിഹാദ് എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് രണ്ട് രാത്രി സൗജന്യ സ്റ്റോപ്പ് ഓവര്‍

Posted on: May 2, 2019

അബുദാബി : അബുദാബി വഴി എല്ലാ ഇത്തിഹാദ് ഡെസ്റ്റിനേഷനിലേക്കും (ടു ആന്‍ഡ് ഫ്രം) ഇത്തിഹാദ് എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്ന എല്ലാ അതിഥികള്‍ക്കും രണ്ട് രാത്രി അബുദാബിയില്‍ സൗജന്യ ഹോട്ടല്‍ താമസമാണ് ഇത്തിഹാദ് ഒരുക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഇന്റര്‍കോണ്ടിനെന്റല്‍ അബുദാബി, ഡസിറ്റ് താനി അബുദാബി, മാരിയറ്റ് ഡബ്ല്യുടിസി, ക്രൗണ്‍ പ്ലാസ, റാഡിസണ്‍ ബ്ലൂ എന്നിവയടക്കമുള്ള നഗരത്തിലെ 15 ഹോട്ടലുകളുടെ ശൃംഖലയില്‍ നിന്ന് അതിഥികള്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ തിരഞ്ഞെടുക്കാം.
സന്ദര്‍ശകര്‍ക്ക് സാംസ്‌കാരിക സവിശേഷതകള്‍, ആകര്‍ഷകമായ വാസ്തുവിദ്യ, ലോകോത്തര നിലവാരമുള്ള തീം പാര്‍ക്കുകള്‍, മനോഹരമായ ബീച്ചുകളും മരുഭൂമികളും തുടങ്ങിയവ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്ന ആകര്‍ഷകവും വൈവിധ്യമാര്‍ന്നതുമായ നഗരമാണ് അബുദാബി. കുട്ടികള്‍ക്കൊപ്പം മനോഹര മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാനാഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കും അവധിക്കുള്ളിലെ അവധിക്കാലം ആഘോഷിക്കാനുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാണ് അബുദാബി.

2019 ജൂലൈ 15 വരെയുള്ള ഫ്‌ളൈറ്റുകള്‍ക്ക് സൗജന്യ അബുദാബി സ്റ്റോപ്പ്ഓവര്‍ പ്രൊമോഷനു വേണ്ടി ഇത്തിഹാദ്.കോം എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ ട്രാവല്‍ ഏജന്റ് വഴിയോ 2019 ജൂണ്‍ 15 വരെ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്ന ഇത്തിഹാദ് യാത്രക്കാര്‍ മള്‍ട്ടി-സിറ്റി ഫ്‌ളൈറ്റ് തിരഞ്ഞെടുക്കുക. ബുക്കിംഗ് കണ്‍ഫേം ആയി കഴിഞ്ഞാല്‍ സ്റ്റോപ്പ് ഓവര്‍ പേജിലേക്ക് എത്തുന്നതായിരിക്കും. ഈ പ്രൊമോഷനുമായി സഹകരിക്കുന്ന നിരവധി ഹോട്ടലുകളില്‍ നിന്ന് അതിഥികള്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ പാക്കേജ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും.
ഓരോ വര്‍ഷവും അബുദാബിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഈ അവിശ്വസനീയ പ്രൊമോഷനിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഞങ്ങളുടെ അതിവിശിഷ്ടമായ ഭവനം അവതരിപ്പിക്കാനുള്ള അവസരമാണിതെന്നും ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റോബിന്‍ കമര്‍ക്ക് പറഞ്ഞു.

രണ്ട് ദിവസത്തെ അവധി ആഘോഷം എന്നതിനപ്പുറമാണ് സ്റ്റോപ്പ്ഓവറിന്റെ നേട്ടം. വേഗമേറിയ ദീര്‍ഘദൂരയാത്രകള്‍ മൂലം ശരീരത്തിന്റെ സമയനിഷ്ഠ താളം തെറ്റുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണവും ആലസ്യവും മറികടക്കാനും അതുവഴി സാധിക്കും. ആഗോള യാത്രക്കാര്‍ക്ക് ടൈം സോണ്‍ ക്രമീകരിച്ച് തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനത്ത് അനുയോജ്യമായ സമയത്ത് എത്തി കൂടുതല്‍ ഉന്മേഷവാനായിരിക്കാം.
പുതിയ സൗജന്യ 48-മണിക്കൂര്‍ യുഎഇ ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് അതിഥികള്‍ക്ക് അബുദാബിയിലെ സ്റ്റോപ്പ് ഓവര്‍ ആസ്വദിക്കാം. അറൈവലില്‍ ലഭ്യമാകുന്നതും തുടര്‍യാത്ര സ്ഥിരീകരിച്ച അതിഥികള്‍ക്ക് ബാധകമാകുന്നതുമായ ഈ ട്രാന്‍സിറ്റ് വിസ ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യവും അധിക ചാര്‍ജ് നല്‍കി 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാവുന്നതുമാണ്.

ഫെറാരി വേള്‍ഡ് റോളര്‍ കോസ്റ്റേഴ്‌സിലെ ജി-ഫോഴ്‌സ് അനുഭവം, യാസ് വാട്ടര്‍വേള്‍ഡിലെയും വാര്‍ണര്‍ ബ്രോസ് വേള്‍ഡിലെയും റൈഡുകളും മനോഹര കാഴ്ചകളും അടക്കമുള്ള നഗരത്തിലെ തീം പാര്‍ക്കുകള്‍ സാഹസിക സഞ്ചാരികളെ ആവേശഭരിതരാക്കും.

അവിസ്മരണീയമായ മരുഭൂമിയിലെ ഒട്ടക യാത്ര, ലോക നിലവാരമുള്ള ഒട്ടേറെ ഗോള്‍ഫ് കോഴ്‌സുകള്‍, പ്രാദേശികവും അന്താരാഷ്ട്രവുമായ അതിവിശിഷ്ട ഭക്ഷ്യവിഭവങ്ങളുടെ നിര എന്നിവ ഓരോരുത്തര്‍ക്കും ചിലത് ഉറപ്പു നല്‍കുന്നു.

TAGS: Etihad Airways |