കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് എയർവേസ്

Posted on: February 15, 2020

ന്യൂഡല്‍ഹി:  ഇന്ത്യയിലേക്കുള്ള സര്‍വീസ് ആരംഭിച്ചിട്ട് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയർവേസ്  തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്കും വ്യാപാര, സര്‍ക്കാര്‍, മാധ്യമ പങ്കാളികള്‍ക്കും വേണ്ടിയുള്ള പരിപാടി സംഘടിപ്പിച്ചു. 2004 സെപ്റ്റംബറിലാണ് എയര്‍ലൈന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് യുഎഇയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. രാജ്യത്തിനകത്തേക്കും പുറത്തേക്കും ആയി 18 ദശലക്ഷത്തിലധികം യാത്രക്കാരാണ് എയര്‍ലൈനില്‍ യാത്ര ചെയ്തത്.

മുംബൈയിലേക്ക് ആണ് രാജ്യത്ത് ആദ്യമായി ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നത്. ഇന്ന് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ഈ നഗരമാണ്. 3.5 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഈ വര്‍ഷങ്ങളില്‍ ഇത്തിഹാദില്‍ യാത്ര ചെയ്തത്. ഈ റൂട്ടിലെ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം മുംബൈയിലേക്ക് നാലാമത്തെ പ്രതിദിന സര്‍വീസും ഇത്തിഹാദ് ആരംഭിച്ചിരുന്നു. ഡല്‍ഹിയും കൊച്ചിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഈ റൂട്ടുകളില്‍ യഥാക്രമം 3.2 ദശലക്ഷം, 2.3 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യാത്ര ചെയ്തത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഇന്ത്യയ്ക്കും ഇടയില്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളുടെ ഒപ്റ്റിമൈസ് ഷെഡ്യൂള്‍ നടപ്പാക്കിയത് പോയിന്റ് ടു പോയിന്റ് ബിസിനസ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആകര്‍ഷകമായി മാറിയിട്ടുണ്ട്. ഇത്തിഹാദ് ശൃംഖലയിലെ ഇന്ത്യന്‍ യാത്രക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ആണ് ഇപ്പോള്‍ അബുദാബി. ഇന്ന് അബുദാബിയില്‍ നിന്നും പത്ത് ഇന്ത്യന്‍ കവാട നഗരങ്ങളിലേക്ക് 161 റിട്ടേണ്‍ ഫ്‌ളൈറ്റുകളാണ് ഇത്തിഹാദ് സര്‍വീസ് നടത്തുന്നത്. അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഹൈദാരാബാദ്, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുകയും ഈ നഗരങ്ങളെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന സര്‍വീസുകളും ഇത്തിഹാദ് നടത്തുന്നു.

എയര്‍ലൈനിന്റെ ആഗോള പ്രവര്‍ത്തനത്തില്‍ സുപ്രധാനമായ സംഭാവന നല്‍കി ഇത്തിഹാദിന്റെ വളര്‍ച്ചാ നയത്തില്‍ നിര്‍ണ്ണായക പങ്കാണ് ഇന്ത്യ വഹിക്കുന്നതെന്ന് ഇത്തിഹാദ് എയർവേസ്  ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് വൈസ് പ്രസിഡന്റ് നീര്‍ജ ഭാട്ടിയ പറഞ്ഞു. ലോകത്തിലെ അതിവേഗം വളരുന്ന ഏവിയേഷന്‍ വിപണികളിലൊന്നായ രാജ്യത്തിലെ ആവശ്യകത നിറവേറ്റാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന രാജ്യത്തോടുള്ള ദൃഢമായ പ്രതിബദ്ധതയുടെ ഫലമായാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനായി ഇത്തിഹാദ് എയർവേസ് മാറിയത്. ലോകത്തുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത ആതിഥേയത്വവും സൗകര്യവും തുടര്‍ന്നും നല്‍കുമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയിലെ ഇത്തിഹാദിന്റെ സേവനം തുടര്‍ച്ചയായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഫളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ വലിയ എയര്‍ക്രാഫ്റ്റുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കടക്കം സര്‍വീസ് നടത്തുന്ന ഏറ്റവും പുതിയ ബോയിംഗ് 787 ഡ്രീംലൈനര്‍ ഇത്തിഹാദിന്റെ പുതിയ എയര്‍ക്രാഫ്റ്റാണ്. 787 ന്റെ ഫ്‌ളൈറ്റുകളില്‍ എക്കോണമി സ്മാര്‍ട്ട് സീറ്റുകള്‍, ബിസിനസ് സ്റ്റുഡിയോസ് എന്നിവയടക്കമുള്ള പുതുതലമുറ ക്യാബിനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം അ380 ല്‍ അബുദാബിയില്‍ നിന്ന് ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, സിഡ്‌നി, സിയൂള്‍ എിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന അതിഥികള്‍ക്കായി ഫസ്റ്റ് അപ്പാര്‍ട്ട്‌മെന്റ്, വിപ്ലവകരമായ മൂന്നു മുറിയോടു കൂടിയ ക്യാബിനായ ദ റെസിഡന്‍സ് എന്നീ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

TAGS: Etihad Airways |