രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് നിയന്ത്രിത സമ്മേളനമായി കൊച്ചി ഡിസൈന്‍ വീക്ക്

Posted on: January 16, 2020

കൊച്ചി: ഡിസംബറില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്ക് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്(ഐഒടി) നിയന്ത്രിത സമ്മേളനമായി മാറി. മികച്ച സന്ദര്‍ശനാനുഭവം സൃഷ്ടിക്കാനായി ഡിസൈന്‍ വീക്കിന്റെ എല്ലാ നടപടിക്രമങ്ങളും ഐഒടി അധിഷ്ഠിതമായാണ് നടത്തിയത്.

കോതമംഗലം സ്വദേശിയായ ടിബി കുരുവിള നേതൃത്വം വഹിക്കുന്ന ജപ്പാന്‍ സ്റ്റാര്‍ട്ടപ്പായ പിന്‍മൈക്രോയാണ് ഈ സൗകര്യം കൊച്ചി ഡിസൈന്‍ വീക്കില്‍ ഒരുക്കിയത്. ഒ2ഒ (ഓണ്‍ലൈനില്‍നിന്ന് ഓഫ്‌ലൈനിലേയ്ക്കും തിരിച്ചും), ചില്ലറ വാണിജ്യം, കോണ്‍ടാക്ട്‌ലെസ് പേയ്‌മെന്റ്, ഇന്‍വെന്ററി മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലായിരുന്നു ഈ സ്ഥാപനത്തിന്റെ സേവനം.

പിന്‍മൈക്രോയുടെ ഇവന്റ്പ്ലസ് പ്ലാറ്റ്‌ഫോമാണ് കൊച്ചി ഡിസൈന്‍ വീക്കിന് ഉപയോഗിച്ചത്. 5,500 സന്ദര്‍ശകരായിരുന്നു ഡിസംബര്‍ 12 മുതല്‍ 14 വരെ നടന്ന സമ്മേളനത്തിലെത്തിയത്. ഡിസൈന്‍ വീക്കിന്റെ ആദ്യ ലക്കത്തേക്കാള്‍ ഗണ്യമായ വര്‍ധന രണ്ടാം ലക്കത്തിനുണ്ടായി എന്ന് പരിപാടിയുടെ സ്‌പെഷ്യല്‍ ഓഫീസറും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് സമ്മേളനത്തില്‍ നടക്കുന്ന സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിച്ചിരുന്നു. കടലാസ്രഹിത ടിക്കറ്റ്, രജിസ്‌ട്രേഷന്‍, അതിഥി മാനേജ്‌മെന്റ് തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഇവന്റ്പ്ലസ് ഡിസൈന്‍ വീക്കിനെ സഹായിച്ചു. ഡിസൈന്‍ വീക്കിന്റെ മൊബൈല്‍ ആപ്പില്‍ കാര്യപരിപാടികള്‍, ഇവന്റ് നാവിഗേഷന്‍, ഭക്ഷണ കൂപ്പണ്‍, അലര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു.

സമ്മേളന വേദിയുടെ വിവിധയിടങ്ങളില്‍ നിന്ന് തത്സമയ വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ഊര്‍ജ്ജ ഉപഭോഗം കുറഞ്ഞ ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് പിന്‍മൈക്രോയുടെ സിഇഒ രവീന്ദ്രനാഥ് അങ്ങേവീട്ടില്‍ പറഞ്ഞു. ഇതിനകം തന്നെ ആഗോളതലത്തില്‍ 350 ഓളം സമ്മേളനങ്ങളില്‍ ഇവന്റ്പ്ലസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ഡിസൈന്‍ സമ്മേളനമായി കൊച്ചി ഡിസൈന്‍ വീക്കിനെ മാറ്റാനാണ് പരിശ്രമിക്കുന്നതെന്ന് അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഇവന്റ് പ്ലസ് പോലുള്ള ആധുനിക സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമുകള്‍ ഈ നാഴികക്കല്ല് നേടാന്‍ സഹായിക്കും. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഈ രംഗത്ത് ഉണ്ടാകുമെന്ന് രവീന്ദ്രനാഥും കൂട്ടിച്ചേര്‍ത്തു.