ഡിസൈന്‍ വീക്കിന് നാളെ സമാപനം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

Posted on: December 14, 2019

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്ക് നാളെ സമാപിക്കും. കേരളത്തെ ഡിസൈന്‍ ഹബ്ബാക്കി മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ സമാപന സമ്മേളനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും.

കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന പരിപാടിയില്‍ വൈകീട്ട് ആറരയ്ക്കാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടിയില്‍ നൂറോളം വിദഗ്ധരാണ് വിവിധ വിഷയങ്ങളില്‍ സംസാരിച്ചത്. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ഡിസൈന്‍ വീക്കില്‍ വിവിധ ഡിസൈന്‍ മാതൃകകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

പന്ത്രണ്ടിന് തുടങ്ങിയ കൊച്ചി ഡിസൈന്‍ വീക്ക് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ നിയുക്ത പ്രസിഡന്റും ലൂമിയം കമ്പനിയുടെ സിഇഇയുമായ ശ്രീനി ആര്‍ ശ്രീനിവാസന്‍, ടെക്‌നികളര്‍ കമ്പനിയുടെ ഇന്ത്യാ മേധാവി ബെരന്‍ ഘോഷ്, തുടങ്ങി നിരവധി പ്രമുഖരാണ് പങ്കെടുത്തത്.