നാടിനിണങ്ങുന്ന ഡിസൈനുമായി നീതു

Posted on: December 16, 2019

കൊച്ചി : ഡിസൈൻ എന്നത് ദന്തഗോപുര സൃഷ്ടിയല്ലെന്നും സാധാരണക്കാർക്കുവേണ്ടി പ്രകൃതിയോട് ഇണങ്ങുന്ന തരത്തിൽ ഇത് പ്രായോഗികമാക്കാമെന്നും തെളിയിച്ചുകൊണ്ട് കൊച്ചി ഡിസൈൻ വീക്കിൽ മലബാറിൽനിന്നൊരു വനിത. കിസ്സ എന്ന സ്ഥാപനത്തിലൂടെ നീതു റഹ് മാൻ ഒരുക്കിയിരുന്നത്. കിസ്സയുടെ സ്ഥാപക കൂടിയായ നീതു സൗദിയിൽ വീട്ടമ്മ ആയിരുന്നു. കലയോടും കലാവസ്തുക്കളോടും മാത്രമല്ല സംഗീതത്തിലും തല്പരയായ നീതുവിനെ ആ താല്പര്യമാണ് ഡിസൈനുകളോട് അടുപ്പിച്ചത്.

ഓരോ പരിപാടിയ്ക്കും അനുയോജ്യമായി ഓരോ മൂഡ് ഉണ്ടെന്നു പറയുന്ന നീതു. അതനുസരിച്ചാണ് തൻറെ സർഗശേഷി പ്രകടിപ്പിക്കുന്നത്. ഡിസൈൻ വീക്ക് ഒരു കോർപ്പറേറ്റ് ഇവൻറ് ആയതിനാൽ വളരെയേറെ വിദഗ്ധർ വരുന്ന ഇവിടെ പ്രതിഷ്ഠാപനങ്ങൾ നിർമിക്കുന്നത് എളുപ്പമല്ല. ഉപയോഗിക്കുന്ന വസ്തുക്കളും ഈ ചടങ്ങിന് അനുസരിച്ചായിരിക്കണമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ കേരളത്തിനു പറയാനുള്ളത് അതിൽ പ്രതിഫലിക്കുകയും വേണം.

പഴയ തക്കാളിപ്പെട്ടി പോലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ടാണ് ഡിസൈൻ വീക്കിലെ പ്രതിഷ്ഠാപനങ്ങളുടെ ചുറ്റുവട്ടങ്ങൾ അലങ്കരിച്ചിരിക്കുന്നത്.കടലാസു തോരണങ്ങളും,പേപ്പർ ബോട്ടുകളും,ചേക്കുട്ടി പാവകളുമൊക്കെ ഈ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു.

ആറു പ്രതിഷ്ഠാപനങ്ങളാണ് കിസ്സ ഡിസൈൻ ചെയ്തിരിക്കുന്നത്. മലബാറിൻറെ ആതിഥേയ മര്യാദ പ്രകടമാക്കാൻ വേണ്ടി പല നിറത്തിലും രുചിയിലുമുള്ള കോഴിക്കോടൻ ഹൽവ വിതരണം ചെയ്യുന്നു. പ്രളയത്തിൻറെ ഫലവും അതിജീവനവും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷ്ഠാപനങ്ങളുമുണ്ട്.

മത്സ്യ തൊഴിലാളികളോടുള്ള ആദര സൂചകമായി നിർമിച്ചിരിക്കുന്ന ബോട്ട് ആണ് ഇതിലൊരു ആകർഷണം.ബോട്ടിൽ നിറയെ കടലാസുവള്ളങ്ങളിൽ നന്ദിവാക്ക് രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രീൻ സ്റ്റോം ഫൗണ്ടേഷനും യുഎൻഇപി- യും ചേർന്ന് എല്ലാ വർഷവും നടത്തുന്ന ‘ഗ്രീൻ സ്റ്റോം ഫൗണ്ടേഷൻ പിക്‌റ്റെയിൽ കോംപെറ്റീഷനിൽ പങ്കെടുത്ത 4000 ചിത്രങ്ങളിൽനിന്ന് വിധികർത്താക്കൾ തിരഞ്ഞെടുത്ത 50 ചിത്രങ്ങൾ ആണ് കിസ്സ ഡിസൈൻ ചെയ്ത മറ്റൊരു പ്രതിഷ്ഠാപനം. ‘പ്രകൃതിയുടെ ശ്വാസം ‘എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ മത്സരം. ഇത്തവണത്തെ ഉച്ചകോടിയിൽ പ്രളയവും ഒരു വിഷയം ആയതിനാൽ അതിനു അനുയോജ്യമായാണ് രൂപകല്പന ചെയ്തത്.

ബുക്ക് ഓഫ് ലൈഫ് എന്ന പേരിലുള്ള പ്രതിഷ്ഠാപനം പറയുന്നത് പ്രളയം ഏറ്റവും കൂടുതൽ ആഘാതം ഏല്പിച്ച അരീക്കോട് എസ്. എസ്. എച്ച്. എസ്. എസ് ന്റെ കഥയാണ്. പ്രളയ ജലത്തിൽ നശിച്ച പുസ്തകങ്ങളാണ് ഇതിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത്.

കടലാസിൽ നിർമിച്ച തിരമാലകൾ ആണ് വേറൊരു ഇൻസ്റ്റലേഷനായി മാറുന്നു. ഇതിനോടൊപ്പം കേരളത്തിൽ പണ്ട് ലഭിച്ചിരുന്ന നാടൻ മിഠായി ശേഖരവുമുണ്ട് ഡിസൈൻ വീക്കിൽ. തേൻ മിഠായി,ശർക്കര മിഠായി,കടല മിഠായി തുടങ്ങിയവ മലയാളിയുടെ ഗൃഹാതുരത്വം തൊട്ടുണർത്തുന്ന തരത്തിൽ കാഴ്ചക്കാർക്ക് വിതരണം ചെയ്യുന്നുണ്ട്.