ഡിസൈന്‍ രംഗത്ത് ജനാധിപത്യം കൊണ്ടുവരണം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Posted on: December 14, 2019

കൊച്ചി: ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനത്തെ ഡിസൈന്‍ രംഗത്ത് ജനാധിപത്യ സ്വഭാവം കൊണ്ടുവരണമെന്ന് നിയമസഭ സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിസൈന്‍ എന്നത് കേവലം ഒരു പ്രമേയത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അത് മാറേണ്ടതാണ്. അതു കൊണ്ടു തന്നെ ഡിസൈനിന്റെ പ്രാഥമിക ഉപഭോക്താക്കള്‍ പൊതുജനങ്ങളാണ്. ജനങ്ങളുടെ പങ്കാളിത്തം കൂടി ഡിസൈനില്‍ കൊണ്ടു വന്നാല്‍ മാത്രമേ അതില്‍ പൂര്‍ണതയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിയോജക മണ്ഡലമായ പൊന്നാനിയില്‍ പാലം പണിത സമയത്ത് കേവലം ആര്‍ക്കിടെക്ടുകളുടെ മാത്രമല്ല, അതിന്റെ ഗുണഭോക്താക്കളാകുന്ന എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നൂതനാശയങ്ങളാണ് ഭാവിയിലേക്കുള്ള വഴിയെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ശ്രീ എസ് ഡി ഷിബുലാല്‍ പറഞ്ഞു. മികച്ച ആശയങ്ങള്‍ക്ക് മികച്ച ഡിസൈന്‍ നല്‍കുമ്പോഴാണ് അത് പൂര്‍ണതയിലെത്തുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതില്‍ കൊച്ചി ഡിസൈന്‍ വീക്ക് സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ഡിസൈന്‍ എന്ന ആശയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിച്ചതെന്ന് സംസ്ഥാന ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. വിവിധ മേഖലകളിലെ സര്‍ക്കാര്‍ നയം രൂപീകരിക്കുന്ന വേളയില്‍ ഡിസൈന്‍ വീക്കിലൂടെ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ ഏറെ ഗുണം ചെയ്യയുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയുടെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ ശ്രീ അരുണ്‍ ബാലചന്ദ്രന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഐടി പാര്‍ക്ക്‌സ് കേരള സിഇഒ ശ്രീ ശശി പി എം, അസെറ്റ് ഹോംസ് എം ഡി ശ്രീ വി സുനില്‍ കുമാര്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ് എന്ന നിലയിലേയ്ക്ക് കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ മൂവായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.