പ്രകൃതി സൗഹൃദ നിർമ്മാണത്തിന് നിലവിലെ ചട്ടങ്ങൾ പൊളിച്ചെഴുതണം: ഡോ. വി വേണു

Posted on: December 16, 2019

കൊച്ചി : സംസ്ഥാനത്ത് പ്രകൃതി സൗഹൃദ സുസ്ഥിര നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പൊളിച്ചെഴുതേണ്ടതാണെന്ന് റീബിൽഡ് കേരള ഇനിഷ്യേറ്റിവ് സിഇഒയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. വി വേണു പറഞ്ഞു. സംസ്ഥാനവുമായി ബന്ധപ്പെട്ട മേഖലകളിലെ ഡിസൈൻ നയമെന്ന വിഷയത്തിൽ കൊച്ചി ഡിസൈൻ വീക്കിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുക്കകയായിരുന്നു അദ്ദേഹം.

മഹാപ്രളയത്തിനു ശേഷം സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ബൃഹദ്പദ്ധതിയാണ് റിബിൽഡ് കേരള എന്ന് ഡോ. വേണു പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ നിശ്ചിത രൂപകൽപ്പനയിൽ വീട് പണിയണമെന്ന് പൊതുജനങ്ങളോട് നിർദ്ദേശിക്കാനാവില്ല. പ്രാദേശിക സാഹചര്യം പരിഗണിച്ച് പ്രകൃതിയോട് ഇണങ്ങുന്ന വീടുകൾ പണിയുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കും. കുട്ടനാട്ടിൽ തകർന്ന വീടുകൾ പുനർ നിർമ്മിക്കുന്നത് തൂണുകൾക്ക് മേലെയാണ്. ഇത് അതിജീവനത്തിനായി അവിടുത്തെ ജനങ്ങൾ സ്വയം ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രകൃതിക്കനുസരിച്ച് മികച്ച രൂപകൽപ്പന നിർമ്മാണ മേഖലയിൽ കൊണ്ടുവരണം. അതിനായി സർക്കാർ റിഫോം അജണ്ട മുന്നോട്ടു വയ്ക്കുന്നുണ്ട്. നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഇതിനായി പൊളിച്ചെഴുതേണ്ടി വരും. സുസ്ഥിര-പ്രകൃതി സൗഹൃദ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. ഇതിനായി നേരിട്ടോ വെബ്‌സൈറ്റ് വഴിയോ സർക്കാരിനു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാങ്കേതിക വിദഗ്ധർ, പൊതുജനങ്ങൾ, ഗവേഷകർ തുടങ്ങിയവർക്ക് ഉടൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങളിലെ പഴുതുകൾ ദുരുപയോഗപ്പെടുത്തുന്നതിനു പകരം പ്രകൃതിസൗഹാർദ്ദമായ നിർമ്മാണ രീതികൾ അവലംബിക്കാൻ ആർക്കിടെക്ട് സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ പ്രകൃതിഭംഗി നശിപ്പിക്കുന്നതിൽ അനിയന്ത്രിത ടൂറിസം നിർമ്മാണം കാരണമായിട്ടുണ്ടെന്ന തിരിച്ചറിവ് ഈ മേഖലയ്ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി എം ശിവശങ്കർ, ആർക്കിടെക്ട് മുജീബ്, ഡിസൈൻ ഇൻസ്പിരേഷൻസ് ഡയറക്ടർ ജി ജയ്‌ഗോപാൽ, കമ്മ്യൂണിക്കേഷൻ ഡിസൈനർ അരുൺ നാരായണൻ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അമിറ്റി സർവകലാശാലയിലെ ഡീൻ എമറിറ്റസ് കെ ടി രവീന്ദ്രൻ മോഡറേറ്ററായിരുന്നു.

കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ ഡിസൈൻ പ്രധാനഘടകമാണെന്ന് എം ശിവശങ്കർ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങളെ പൂർണമായും സഹായിക്കുക എന്നതാണ് സർക്കാർ നയം. മികച്ച ആശയവും മാതൃകയുമുള്ള സംരംഭങ്ങളെ വിദേശത്തെ ഡിസൈൻ വിദഗ്ധർക്കയച്ച് വേണ്ട സാങ്കേതിക ഉപദേശവും സഹായവും സർക്കാർ നേടിക്കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രീകൃത ഭരണ നിർവഹണത്തിനു പകരം വികേന്ദ്രീകൃത സംവിധാനം നിർമ്മാണ മേഖലയിൽ ഏർപ്പെടുത്തണമെന്ന് ജി ജയ്‌ഗോപാൽ പറഞ്ഞു. ഓരോ പ്രദേശത്തെയും നിർമ്മാണ സ്വഭാവത്തിൽ മാറ്റമുണ്ടാകും. വികേന്ദ്രീകൃതമായ ചട്ടങ്ങൾ ഉണ്ടാക്കിയാൽ പലപ്പോഴും പ്രതിസന്ധി മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തിൽ ആശയവിനിമയ രൂപകൽപ്പനയിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അരുൺ നാരായണൻ പറഞ്ഞു. പ്രളയസമയത്ത് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളന പരമ്പര ഗവേഷണ വിഷയമാക്കേണ്ടതാണ്. ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആശയവിനിമയ രൂപകൽപ്പനയ്ക്ക് ഏറെ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര നിർമ്മാണ രീതികളിൽ മാത്രമാണ് കേരളത്തിൻറെ ഭാവിയെന്ന് പാനൽ ചർച്ചയ്ക്ക് മുമ്പ് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത ആർക്കിടെക്ട് ജി ശങ്കർ പറഞ്ഞു. ദുരന്തങ്ങൾക്ക് കാത്തുനിൽക്കാതെ അതിനെ അതിജീവിക്കുന്ന നിർമ്മാണ രീതികൾ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂപകൽപ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ് എന്ന നിലയിലേയ്ക്ക് കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈൻ വീക്ക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ മൂവായിരത്തിൽപരം പേരാണ് പങ്കെടുക്കുന്നത്.