സംസ്ഥാനത്ത് ഡിസൈൻ മേഖലയിൽ പുതിയ നയവും വിപുലമായ പദ്ധതികളും: മുഖ്യമന്ത്രി

Posted on: December 16, 2019

കൊച്ചി : ഡിസൈൻ നയമുൾപ്പെടെ കേരളത്തിലെ രൂപകല്പനാ മേഖലയിൽ വിപുലമായ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പാർപ്പിട പദ്ധതികളും സ്മാർട്ട് സിറ്റികളുമടക്കം സുസ്ഥിര അടിസ്ഥാന സൗകര്യ മേഖലയിൽ നൂതനമായ ഡിസൈനുകൾ, പുത്തൻ രൂപകൽപനകൾക്കുള്ള സംരംഭകത്വത്തെയും നൈപുണ്യത്തെയുമടക്കം പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്റ്റാർട്ടപ് മിഷനടക്കമുള്ള ഏജൻസികളുടെ പങ്കാളിത്തം, ആഗോളാടിസ്ഥാനത്തിൽ ഡിസൈൻ മേഖലയിലെ സർഗ പ്രതിഭകളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിന് കേരള ടൂറിസവുമായി ചേർന്ന് കേരളാ ഡിസൈൻ ഫെസ്റ്റിവൽ തുടങ്ങിയവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കൊച്ചി ഡിസൈൻ വീക്കിൻറെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മികച്ച രീതിയിൽ പുനർനിർമ്മിക്കുക(ബിൽഡ് ബാക്ക് ബെറ്റർ) എന്ന സർക്കാർ നയത്തിനുതകും വിധം സംസ്ഥാനത്തെ രൂപകൽപ്പന മനോഭാവം മാറ്റിയെടുക്കാൻ ഡിസൈൻ വീക്കിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർഗശേഷിയിൽ കേരളത്തിന് വലിയ പങ്കു വഹിക്കാനാവും. പല ബഹുരാഷ്ട്ര കമ്പനികളുടെയും തലപ്പത്ത് ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിൽ മലയാളികളായ പ്രതിഭകളുണ്ട്. ഈ പ്രത്യേകത കണക്കിലെടുത്താണ് സംസ്ഥാനത്ത് ഡിസൈനിൽ വിപുലമായ സൗകര്യങ്ങളോടെ മികവിൻറെ കേന്ദ്രം സ്ഥാപിക്കാനായി സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ഡിസൈൻ മേളയായിരിക്കും അടുത്ത വർഷം മുതൽ നടത്താനുദ്ദേശിക്കുന്ന കേരള ഡിസൈൻ ഫെസ്റ്റിവൽ. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന സമാനമായ പരിപാടികളെ സംയോജിപ്പിച്ചായിരിക്കും ഫെസ്റ്റിവൽ നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബ്ലോക്‌ചെയിൻ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വിജ്ഞാന സാമ്പത്തിക മേഖലകളിൽ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളം ശ്രമിക്കുകയാണ്. എല്ലാ മേഖലകളിലും കൈകടത്താൻ സംസ്ഥാനം ആഗ്രഹിക്കുന്നില്ല. പല മേഖലകളെയും ഉൾപ്പെടുത്തി രൂപകല്പനയിൽ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിനു ശേഷിയുണ്ട്. ഇതിനായാണ് വിവിധ ഏജൻസികളുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനത്തിന് തയാറെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇൻറീരിയർ ഡിസൈനേഴ്‌സ്, നാസ്‌കോം, ഐഎഎംഎഐ, എസ്എഐകെ, പെപ്പർ എന്നീ വ്യവസായ കൂട്ടായ്മകളോടൊപ്പം വാണിജ്യ പങ്കാളികളുടെയും മികച്ച സഹകരണം കൊച്ചി ഡിസൈൻ വീക്കിന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസൈൻ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കോഴ്‌സുകളും അവസരവും വിദ്യാർത്ഥികൾക്ക് ഉണ്ടാകണമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എത്ര വികസിതമായ അന്തരീക്ഷത്തിലും യന്ത്രവത്കരണത്തിന് മനുഷ്യൻറെ ബുദ്ധിയെ തോൽപ്പിക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് കേരള ഡിസൈൻ വീക്കിലെ പ്രദർശനങ്ങളെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ചൂണ്ടിക്കാട്ടി.

കേരള ഡിസൈൻ വീക്കിൻറെ വിജ്ഞാന പങ്കാളികളായ ഇൻറർനാഷണൽ സ്‌ക്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്‌സ് നടത്തിയ കേരള ഡിസൈൻ ചലഞ്ച് മത്സരത്തിൽ എഎഫ്ഡി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ കൃഷ്ണ സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനമായ 25,000 രൂപ മുഖ്യമന്ത്രി സമ്മാനിച്ചു. അവസാന റൗണ്ടിലെത്തിയ സാജൻ എംസ്, അഭിഷേക് പി സുരേഷ്, അനുശ്രീ ആർ, സിദ്ധാർത്ഥ് ടി ആർ എന്നിവരെ മുഖ്യമന്ത്രി അനുമോദിച്ചു. കേരള ഡിസൈൻ ചലഞ്ചിൻറെ ഭാഗമായി നടത്തിയ ടാഗ് ലൈൻ മത്സരത്തിലെ 10 വിജയികൾക്ക് 10,000 രൂപ വീതം ഹൈബി ഈഡൻ സമ്മാനിച്ചു.

ഐടി സെക്രട്ടറി എം ശിവശങ്കർ, കൊച്ചി ഡിസൈൻ വീക്കിൻറെ സ്‌പെഷ്യൽ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുൺ ബാലചന്ദ്രൻ, സെറ സാനിറ്ററിവെയേഴ്‌സിൻറെ വിൽപന വിഭാഗം വൈസ് പ്രസിഡൻറ് ആബി വി റോഡ്രിഗസ്, അസെറ്റ് ഹോംസ് എം ഡി സുനിൽ കുമാർ വി തുടങ്ങിയവരും സമാപനച്ചടങ്ങിൽ സംബന്ധിച്ചു.