നിപ രോഗം പ്രതിരോധിച്ച ആസ്റ്റർ മെഡ്‌സിറ്റിക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

Posted on: July 23, 2019

കൊച്ചി : നിപ രോഗബാധിതനായ യുവാവ് ആശുപത്രി വിട്ടു. 53 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് 23-കാരനായ രോഗിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗിയുടെ ചികിത്സ പൂർണമായും സൗജന്യമായാണ് ആസ്റ്റർ മെഡ്‌സിറ്റി ലഭ്യമാക്കിയത്. ആശുപത്രി വിടുന്നതിന് മുമ്പ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ യുവാവിനെ സന്ദർശിച്ചു.

കേരളത്തിൽ രണ്ടാം തവണ റിപ്പോർട്ട് ചെയ്ത മാരകമായ നിപ രോഗത്തെ വിജയകരമായി പ്രതിരോധിച്ചതിനും അത് കൂടുതൽ പേരിലേക്ക് പടരുന്നത് തടഞ്ഞതിനും ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ സംഘത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബോബി വർക്കി, ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം കൺസൾട്ടന്റ് ഡോ. അനൂപ് വാര്യർ, ഇൻഫെക്ഷ്യസ് ഡിസീസസ് സ്‌പെഷ്യലിസ്റ്റ്‌ഡോ. അരുൺ വിൽസൺ, കൺസൾട്ടന്റ് ഇൻടെൻസിവിസ്റ്റ് ഡോ. അനുരൂപ് ബാലഗോപാൽ, ന്യൂറോളജി വിഭാഗം ഡിഎൻബി ട്രെയിനി ഡോ. അനന്ത്‌റാം എന്നിവരെയും നേഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി ആദരിച്ചു.ആസ്റ്റർ മെഡ്‌സിറ്റിയിൽ ലഭ്യമായ ഉന്നത നിലവാരമുള്ള അണുബാധ നിയന്ത്രണ സംവിധാനം കാരണമാണ് രോഗത്തെ യഥാസമയം പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിലും ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാരും ജീവനക്കാരും ധീരമായ പങ്കാണ് വഹിച്ചതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഡോക്ടർമാരും മറ്റ് ജീവനക്കാരും നടത്തിയ പ്രവർത്തനങ്ങൾ വൈറസ് ബാധിതനായ രോഗിയുടെ ജീവൻ രക്ഷിച്ചുവെന്ന് മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സഹായകമായി. സംസ്ഥാനത്ത് അത്യന്താധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. ആസാദ് മൂപ്പൻ ആവശ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ 50 ലക്ഷം രൂപ ആസ്റ്റർനൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ആസ്റ്റർ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള, ആസ്റ്റർ മെഡ്‌സിറ്റി സിഇഒ കമാൻഡർ ജെൽസൻ കവലക്കാട്ട് ജില്ലാ കളക്ടർ എസ്. സുഹാസ്, ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.