നിര്‍മ്മാണ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം : ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

Posted on: May 24, 2021

കൊച്ചി : കോവിഡ് -19, അനിയന്ത്രിതമായ വിലക്കയറ്റം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവമൂലം പ്രതിസന്ധിയിലായ നിര്‍മ്മാണമേഖലയെ പുനരുദ്ധരിക്കുന്നതിനായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന നിര്‍വാജക സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മ്മാണ മേഖല നിശ്ചലമായതോടെ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുകയാണ്. ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ കരാറുകാര്‍, ലോറി, ടിപ്പര്‍ ഉടമകള്‍ എന്നിവര്‍ കടക്കെണിയിലായി. ഡീസല്‍, പെട്രോള്‍ എന്നിവ ജി എസ് ടി യുടെ പരിധിയില്‍ കൊണ്ടുവരാനും സിമന്റ്, കമ്പി എന്നിവയുടെ അനിയന്ത്രിത വിലക്കയറ്റം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും ബില്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കരാര്‍ ഉറപ്പിച്ചതിനു ശേഷമുണ്ടാകുന്ന നിര്‍മ്മാണ സാമഗ്രികളുടെ അസാധാരണമായ വില വര്‍ധനവിന് ആനുപാതികമായി കരാര്‍ തുക വര്‍ധിപ്പിച്ചു നല്‍കുക, കുടിശിക തുകയുടെ അന്‍പത് ശതമാനമെങ്കിലും ഉടന്‍ നല്‍കുക, ബാങ്ക് വായ്പകള്‍ എന്‍ പി എ ആക്കാതെ പുനഃക്രമീകരിക്കാതെ ബാങ്കേഴ്സ് സമിതിയോട് നിര്‍ദേശിക്കുക, അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കുക, മെഷീനറികളുടെയും ചരക്കുവാഹനങ്ങളുടെയും നികുതി ഇളവ് ചെയ്യുക എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തണം. നിര്‍മാണ മേഖലയിലെ സംരംഭ, സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കണമെന്നും ബില്‍ഡേഴ് അസോസിയേഷന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

സംസ്ഥാന ചെയര്‍മാന്‍ നജീബ് മണ്ണേലിന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ആര്‍.എല്‍. ഗുപ്ത, മുന്‍ ദേശീയ അധ്യക്ഷന്‍ ചെറിയാന്‍ വര്‍ക്കി, പി.ആര്‍.എസ്. മുരുകന്‍, കെ. ജ്യോതികുമാര്‍, വര്‍ഗീസ് കണ്ണമ്പള്ളി, അലക്‌സ് പെരുമാലില്‍, പ്രിന്‍സ് ജോസഫ്, സന്തോഷ് ബാബു, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, വി.എസ്. ജയചന്ദ്രന്‍, ജോണ്‍ പോള്‍, പോള്‍ ടി മാത്യു, ഹരികുമാര്‍, രാജീവ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.