സർക്കാരിന് ബാധ്യത വരുത്താതെ ലോഡ് ടെസ്റ്റ് നടത്താൻ തയാറെന്ന് ബിൽഡേഴ്സ് അസോസിയേഷൻ

Posted on: September 24, 2019

കൊച്ചി : ഡെക്ക് ജോയിന്റ്സിലെ ചെറിയ ന്യൂനത പരിഹരിക്കുന്നതിന് പകരം പാലാരിവട്ടം മേൽപ്പാലം അപ്പാടെ പൊളിച്ചു കളയുന്നത് ശുദ്ധ മണ്ടത്തരമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബി.എ.ഐ ). പൊളിച്ചു കളയലല്ല, ഒരു നിർമ്മിതി എങ്ങനെ ഉപയോഗപ്രദമാക്കാം എന്നതാണ് എൻജിനീയറിംഗ് വൈദഗ്ധ്യം. കേരളത്തിലുൾപ്പെടെ ലോകത്ത് എല്ലായിടത്തും ഫലങ്ങളിൽ ഇത്തരം ന്യൂനതകൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയൊന്നും പാലം പൊളിച്ചു കളയുകയല്ല ചെയ്തതെന്നും ബി.എ.ഐ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ദുബായിലടക്കം ഇത്തരത്തിൽ ന്യൂനത പരിഹരിച്ച് പാലം ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. പാലാരിവട്ടം പാലം ഗതാഗത യോഗ്യമെന്നു തെളിയിക്കാനുള്ള വെല്ലുവിളി ബിൽഡേഴ്സ് അസോസിയേഷൻ ഏറ്റെടുക്കുന്നതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരാഴ്ചക്കുള്ളിൽ സർക്കാർ നിർദേശിക്കുന്ന ഏജൻസിയുടെ മേൽനോട്ടത്തിൽ ഒരു രൂപ പോലും സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കാതെ ലോഡ് ടെസ്റ്റ് നടത്താൻ അസോസിയേഷൻ തയാറാണ്. മനുഷ്യായുസ്സ് പോലെ തന്നെ ഒരു നിർമാണത്തിന്റെയും ആയുസ് നിശ്ചയിക്കാനുള്ള ഗണിതമോ എഞ്ചിനീയറിങ് സംവിധാനമോ നിലവിലില്ല. ശരിയായ ഉപയോഗവും കൃത്യമായ പരിപാലനവുമാണ് ഏതൊരു നിർമ്മിതിയെയും ഈടുറ്റതാക്കുന്നത്, ബി.എ.ഐ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

അതീവ അപകടാവസ്ഥയിലായ മാർത്താണ്ഡവർമ്മ പാലവും കാലടി പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുമ്പോഴാണ് നിർമാണ കമ്പനി തന്നെ കണ്ടു പിടിച്ചു റിപ്പോർട് ചെയ്യുകയും ന്യൂനതകൾ പരിഹരിക്കുകയും ചെയ്ത പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ പോകുന്നത്. പി ഡബ്ള്യുഡിയെ നോക്കുകുത്തിയാക്കി ഒരു സൊസൈറ്റിയെ കാര്യങ്ങൾ ഏൽപ്പിക്കാനുള്ള ഗൂഡനീക്കമാണോ ഇതെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. പാലം പൊളിച്ചു കളയണമെന്ന് ഐ.ഐ.ടി റിപ്പോർട്ടിൽ എവിടെയും പറയുന്നില്ല. പാലത്തിനു ബലക്കുറവോ നിർമ്മാണ ന്യൂനതകളോ ഉണ്ടായാൽ എന്തൊക്കെ ചെയ്യണെമെന്ന് കൃത്യമായ മാനദണ്ഡങ്ങളും കോഡുകളും നിലവിലുണ്ട്.

വൈറ്റില അടക്കമുള്ള പാലങ്ങളുടെ ഡിസൈൻ തയാറാക്കിയ നാഗേഷ് കൺസൾട്ടൻസ് ആണ് പാലാരിവട്ടത്തെ പാലം ഡിസൈൻ ചെയ്തത്. അൾട്രാടെക്,ഡാൽമിയ സിമെന്റുകളാണ് നിർമാണത്തിനായി ഉപയോഗിച്ചത്. പരിശോധനയ്ക്കായി ശേഖരിച്ച 3708 കോൺക്രീറ്റ് ക്യൂബുകളും ഉറപ്പുള്ളതാണെന്ന് പരിശോധന ഫലങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് വിവിധ ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇതിനൊക്കെ വ്യക്തമായ രജിസ്റ്ററുകൾ സൂക്ഷിച്ചിട്ടുമുണ്ട്. നിർമാണ കമ്പനിയായ ആർ.ഡി.എസ് തന്നെയാണ് 2016 ൽ പാലം ഉദ്ഘാടനം ചെയ്ത് ഒരു മാസത്തിനകം ടെക് ജോയിന്റിലെ ചിന്നൽ കണ്ടുപിടിച്ചതും റിപ്പോർട്ട് ചെയ്തതും. ഐ.ഐ.ടി മദ്രാസിലെ റിട്ട.പ്രൊഫസർ ഡോ., അരവിന്ദിന്റെ അംഗീകാരത്തോടു കൂടി, ന്യൂനതകൾ പരിഹരിക്കുന്നതിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആർ.ഡി.എസ് തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് വർഷം ഇതിൽ തീരുമാനം എടുക്കാതെ സർക്കാർ മുന്നോട്ട് പോവുകയാണ് ചെയ്തത്. 2018 ഏപ്രിലിൽ മാത്രമാണ് ഇതേ കുറിച്ച് അന്വേഷിക്കാൻ സർക്കാട് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയത്.

ഐ.ഐ.ടി നടത്തിയ 10380 ഹാമർറീബൗണ്ട് പരിശോധന നൂറ് ശതമാനവും വിജയമായിരുന്നു. 5190 അൾട്രാസോണിക് പൾസ് വെലോസിറ്റി പരിശോധനയിൽ 93 ശതമാനം ഫലങ്ങളും പോസിറ്റിവ് ആയിരുന്നു. 13 ഗാർഡറുകളിൽ നിന്ന് മൂന്ന് കോൺക്രീറ്റ് കോർ സാമ്പിളുകൾ വീതം ശേഖരിച്ച് ഐ.ഐ.ടി നടത്തിയ പരിശോധനയും എൺപത് ശതമാനവും പോസിറ്റിവ് ആയിരുന്നുവെന്ന് മാത്രമല്ല മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണമെന്ന് വ്യക്തമാക്കുന്നതുമാണ്. പതിമ്മൂന്നിൽ ഒൻപത് സാമ്പിളുകളും പാലത്തിന്റെ ഉറപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ തെളിയിക്കുകയും ചെയ്തു. നാല് ഗാർഡറുകളിൽ മാത്രമാണ് നേരിയ ന്യൂനതകൾ കണ്ടെത്തിയത്. എന്നാലിത് സാമ്പിളുകൾ ശേഖരിച്ചതിലുള്ള വീഴ്ച്ച മൂലമോ പരിശോധനയ്ക്കായി സാമ്പിളുകൾ തയാറാക്കിയതിൽ വന്ന പാളിച്ചയോ സാമ്പിളിനായി ശേഖരിച്ച അളവിൽ വന്ന വീഴ്ചയോ ഒക്കെയാകാം. ക്യൂബ്, റീബൗണ്ട് ഹാമർ, പൾസ് വെലോസിറ്റി, കോർ തുടങ്ങിയ പരിശോധന ഫലങ്ങൾ തെളിയിക്കുന്നത് കോൺക്രീറ്റ് മികച്ച ഗുണനിലവാരം ഉള്ളതാണെന്ന് തന്നെയാണ്. ഈ വസ്തുതകൾ മറച്ചു വച്ചാണ് പാലം അപകടാവസ്ഥയിലാണെന്ന നുണപ്രചാരണം നടത്തുന്നതെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ആരോപിച്ചു.

ഐ.എസ് കോഡ് അനുസരിച്ച് സാമ്പിൾ പരിശോധനാ ഫലം 85 ശതമാനത്തിൽ താഴെയാണെങ്കിൽ പോലും, ഏതാനും കോറുകൾ മാത്രമാണ് പരിശോധിക്കുന്നത് എന്നതിനാൽ പാലത്തിന്റെ ഉറപ്പിനെയോ ഈടിനെയോ കുറിച്ച് ആശങ്കപെടേണ്ടതില്ലെന്നും ഈ ഒറ്റക്കാരണം കൊണ്ട് പാലം ഉപയോഗ്യയോഗ്യമല്ലെന്ന് വിലയിരുത്താൻ പാടില്ലെന്നും വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല കൂടുതൽ കോർ പരിശോധനകളും ലോഡ് കാരിയിങ് ടെസ്റ്റുകളും നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിൽ എത്താവൂ എന്ന് വ്യക്തമായി പറയുന്നുണ്ട്. കോർ പരിശോധനയിൽ സംതൃപ്തികരമായ ഫലമല്ല ലഭിക്കുന്നതെങ്കിൽ ലോഡ് ടെസ്റ്റ് നടത്തണമെന്ന് വ്യക്തമായി കോഡിൽ പറയുന്നുണ്ട്.

പരിശോധനയ്ക്കായി ശരിയായ രീതിയിലല്ല കോർ സാമ്പിളുകൾ ശേഖരിച്ചത്. 67 എം.എം മാത്രമാണ് കോർ സാമ്പിൾ പരിശോധനയ്ക്കായി എടുത്തത്. എന്നാൽ 150 എം.എം സാമ്പിൾ ആണ് ശേഖരിക്കേണ്ടത്. ഇത് ഒരു കാരണവശാലും 100 എം.എം ൽ താഴെ ആകരുതെന്ന് കർശന നിബന്ധന ഉള്ളപ്പോഴാണ് വെറും 67 എം.എം മാത്രം സാമ്പിൾ ശേഖരിച്ച ശേഷം പാലം അപകടാവസ്ഥയിലാണെന്ന നിഗമനത്തിൽ എത്തിയതെന്ന് ബി.എ.ഐ ഭാരവാഹികൾ കുറ്റപ്പെടുത്തി. നാല് ഗാർഡറുകൾ മാത്രമാണ് പരിശോധനയിൽ 85 ശതമാനത്തിൽ താഴെ ഫലം കാണിച്ചത്. എന്നാൽ കോർ സാമ്പിൾ ശരാശരിയിലും താഴെയാണ് ശേഖരിച്ചത് എന്നതിനാൽ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. ലോഡ് ടെസ്റ്റ് നടത്തുക മാത്രമാണ് പാലത്തിന്റെ കരുത്ത് അളക്കാൻ കഴിയുന്ന ഫലപ്രദമായ മാർഗം. അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ എഞ്ചിനീയേഴ്സ് ഇതിനായി വോളന്ററി സേവനം നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഐ.ഐ.ടി നിർദേശിച്ച പരിഹാര മാർഗങ്ങൾ ചെയ്ത ശേഷം പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാമെന്നാണ് ഐ.ഐ.ടി പറഞ്ഞിട്ടുള്ളത്. മൂന്ന് വർഷത്തെ വാറണ്ടി ഉള്ളതിനാൽ ഇക്കാലയളവിൽ ഉണ്ടാകുന്ന എല്ലാ ന്യൂനതകളും തകരാറുകളും പരിഹരിക്കാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. വാസ്തവത്തിൽ മൂന്ന് വർഷം മുൻപ് കരാറുകാരൻ തന്നെ കണ്ടുപിടിച്ചു റിപ്പോർട്ട് ചെയ്ത തകരാറുകൾ മാത്രമാണ് പാലത്തിനുള്ളത്. തകരാർ പരിഹരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐ.ഐ.ടി നിർദേശിച്ചത് പ്രകാരമുള്ള തിരുത്തൽ പ്രക്രിയകൾ 2.5 കോടി രൂപ ചെലവഴിച്ച് കരാറുകാരൻ തന്നെ ചെയ്തു. ഇതിനു പുറമെ 73 ലക്ഷം രൂപ ഐ.ഐ.ടി ക്കായി ചെലവഴിച്ചു. എന്നിട്ടും പാലം പൊളിക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന് മനസിലാകുന്നില്ല. കോഡ് പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ പാലം പൊളിക്കുന്നതിനെ കുറിച്ച് ആലോചിക്കാവൂ എന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പാലത്തിന് ഉണ്ടായിരുന്ന തകരാർ ഐ.ഐ.ടി നിർദേശ പ്രകാരം പരിഹരിച്ചു കഴിഞ്ഞു. ഇനി എന്തിനാണ് പാലം പൊളിക്കുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിൽ തന്നെ കൊച്ചി മെട്രോ റെയിലിന് വേണ്ടി സൗത്തിൽ നിർമ്മിച്ച പാലം, നീലിമംഗലം പാലം എന്നിവ ലോഡ് ടെസ്റ്റ് നടത്തിയാണ് ഉറപ്പ് പരിശോധിച്ചത്.

സുതാര്യമായ മത്സര ടെണ്ടർ നടത്താതെ ഊരാളുങ്കലിനെ പാലം പൊളിച്ചു പണിയാൻ ഏൽപ്പിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇത് ശരിയായ നടപടി അല്ലെന്നും ബി.എ.ഐ ഭാരവാഹികൾ ആരോപിച്ചു.