കൊച്ചി ഡിസൈൻ വീക്ക് രണ്ടാം ലക്കം ഡിസംബർ 12 മുതൽ 14 വരെ

Posted on: October 17, 2019

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ, വാസ്തുശിൽപ്പ വാർഷിക സമ്മേളനമായ കൊച്ചി ഡിസൈൻ വീക്ക് ഉച്ചകോടി ഡിസംബർ രണ്ടാം വാരം കൊച്ചിയിൽ നടക്കും. ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ 5000 ൽപ്പരം പേരാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഒരുക്കുന്ന ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അസെറ്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഐടി വകുപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസംബർ 12 മുതൽ 14 വരെയാണ് ഡിസൈൻ വീക്ക്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെത്തുന്ന വാസ്തുകല-രൂപകൽപ്പന വിദഗ്ധർ, ചിന്തകർ, നയകർത്താക്കൾ, സർക്കാർ പ്രതിനിധികൾ, എന്നിവർ ഉച്ചകോടിയിലെത്തും. ഉച്ചകോടിയുടെ ആദ്യ ദിനം രൂപകൽപ്പനയിലടിസ്ഥാനമായ ചർച്ചകളാണ് ഉണ്ടാകുന്നത്. 13, 14 തിയതികളിലെ ചർച്ചകൾ വാസ്തുകലയുമായി ബന്ധപ്പെട്ടാകും.

വാസ്തുകലാ-രൂപകൽപ്പന ഉച്ചകോടി, രൂപകൽപ്പന ചർച്ചകൾ, പ്രദർശനം, പ്രതിഷ്ഠാപനങ്ങൾ, രൂപകൽപ്പന മത്സരം തുടങ്ങിയവ ഇതിലുണ്ടാകും. സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ അവലംബിക്കാവുന്ന ഭാവി സാങ്കേതികവിദ്യ, ആവാസവ്യവസ്ഥിതി, രൂപകൽപനാശയങ്ങൾ എന്നിവ ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ബോൾഗാട്ടി പാലസിനെ ഉച്ചകോടിയോടനുബന്ധിച്ച് ഡിസൈൻ ഐലൻഡാക്കി മാറ്റും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രതിഷ്ഠാപനങ്ങൾ സ്ഥാപിക്കും. ദേശീയ അന്തർദേശീയ പ്രഭാഷകരും ഉച്ചകോടിയിലെത്തുന്നുണ്ട്. വാസ്തുകല, അകത്തള രൂപകൽപന തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ചർച്ചകളും ഉണ്ടാകും.

സംസ്ഥാനത്തെ നിർമ്മാണ രംഗം, ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ, ഐടി തുടങ്ങിയ മേഖലകളിൽ ഡിസൈനിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കൊച്ചി ഡിസൈൻ വീക്കിലൂടെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയും ഉച്ചകോടിയുടെ സ്‌പെഷ്യൽ ഓഫീസറുമായ അരുൺ ബാലചന്ദ്രൻ പറഞ്ഞു. 2018 ൽ നടന്ന ഡിസൈൻ വീക്കിൻറെ ആദ്യ ലക്കത്തിൻറെ വിജയം ഈ രംഗത്തെ കാഴ്ചപ്പാടിന് ക്രിയാത്മകമായ മാറ്റം വരുത്തി. കാലാനുസൃതമായി ഡിസൈൻ സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുസ്ഥിര നിർമ്മാണ രീതികൾ സ്വായത്തമാക്കാനും കൊച്ചി ഡിസൈൻ വീക്ക് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.