ബില്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ : ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്

Posted on: February 24, 2020

കൊച്ചി : പ്രതിസന്ധി ഘട്ടങ്ങള്‍ ഏറെ നീണ്ടു നില്‍ക്കില്ലെന്നും ഇരുപതാം നൂറ്റാണ്ടിലെ മനോഭാവം തുടര്‍ന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയില്ലെന്നും കെ എസ് ഐ ഡി സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. സുഗമമായ പാതകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് വിഢിത്തമാണെനും അദ്ദേഹം പറഞ്ഞു. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി എ ഐ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ്. കേരളത്തിലെ നിര്‍മാണ മേഖല പരിവര്‍ത്തനത്തിന്റെ പാതയിലാണ്. വലിപ്പ ചെറുപ്പമില്ലാതെ വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിലനില്‍പ്പുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ സംസ്‌കരണം കേരളം നേരിടുന്ന കനത്ത വെല്ലുവിളിയാണ്. സാങ്കേതിക വിദ്യകളും അറിവുമാണ് നയിക്കുന്നത്. നൂതനത്വം, അറിവ്, സാങ്കേതിക വിദ്യ, പ്രൊഫഷനില്‍സം എന്നിവയിലൂടെയേ ഇനി മുന്നേറ്റം സാധ്യമാകൂ. തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ പ്രാഗല്‍ഭ്യം ഉള്‍ക്കൊളളാന്‍ തയാറായില്ലെങ്കില്‍ വിജയിക്കാന്‍ കഴിയില്ലെന്നും പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കാതെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ കഴിയണമെന്നും ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു.

ബി എ ഐ കേരള ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എഡ്വേര്‍ഡ് ജോര്‍ജ്ജ് സ്വാഗതവും കൊച്ചിന്‍ സെന്റര്‍ ചെയര്‍മാന്‍ സി കെ എസ് പണിക്കര്‍ നന്ദിയും പറഞ്ഞു.

TAGS: BAI |