വയോജനങ്ങള്‍ക്കായി ബ്രഹത് പദ്ധതിയുമായി ആസ്റ്റര്‍ ഗ്രൂപ്പ്

Posted on: December 12, 2023

തിരുവനന്തപുരം : സ്ഥാപകദിനത്തില്‍ വയോജനങ്ങള്‍ക്കായി ബ്രഹത് പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാധാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. രാജ്യത്തെ പത്ത് വൃദ്ധ സദനങ്ങളിലെ 1000 മുതിര്‍ന്ന പൗരന്മാരെ ദത്തെടുക്കുന്ന ‘കെയര്‍ ഫോര്‍ എല്‍ഡേര്‍ലി’ പദ്ധതിക്ക് തുടക്കമായി. നിര്‍ധനരായ വയോജനങ്ങളുടെ ക്ഷേമവും അവര്‍ക്ക് മികച്ച ചികിത്സ നല്‍കുക എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തിയാണ് ഡി.എം ഹെല്‍ത്ത് കെയറിന്റെ 37-ആം സ്ഥാപക ദിനത്തില്‍ സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന് കീഴില്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.

ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ സമൂഹത്തിന് തിരികെ നല്‍കുക എന്നത് ആസ്റ്ററിന്റെ സ്ഥാപക തത്വങ്ങളിലൊന്നാണെന്ന് പദ്ധതിയുടെ പ്രഖ്യാപന ചടങ്ങില്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 1987-ല്‍ ആദ്യത്തെ ക്ലിനിക്ക് ആരംഭിച്ചത് മുതല്‍ ഇന്നുവരെ പാവപ്പെട്ടവര്‍ക്കും അധ:സ്ഥിതര്‍ക്കുമായി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ആസ്റ്ററിയന്‍സ് നടപ്പാക്കി വരുന്നത്. മൊബൈല്‍ മെഡിക്കല്‍ വാനിലൂടെ ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു.

ഈ വര്‍ഷം കെയര്‍ ഫോര്‍ എല്‍ഡേര്‍ലി പദ്ധതിയിലൂടെ പ്രത്യേക പരിശീലനം ലഭിച്ച ജെറിയാട്രിക് നഴ്‌സുമാരിലൂടെ വൃദ്ധ സദനങ്ങളില്‍ കഴിയുന്ന 1000 വയോജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികള്‍ വഴിയാണ് അതാത് പ്രദേശങ്ങളിലെ വൃദ്ധ സദനങ്ങള്‍ കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ വോളന്റിയേഴ്സുമായി സഹകരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, ടാന്‍സാനിയ, സിറിയ, മൊറോക്കോ എന്നിവിടങ്ങളിലേക്കായി ഏഴ് പുതിയ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (യു.എന്‍എസ്.ഡി.ജി) നിറവേറ്റുന്നതിനായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ആസ്റ്റര്‍ ഗ്രൂപ്പിന്, ഈ അടുത്ത് ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (ക്രിസില്‍) ഇന്ത്യയിലെ ലിസ്റ്റഡ് ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന എന്‍വയോണമെന്റല്‍ സോഷ്യല്‍ ആന്‍ഡ് ഗവേണന്‍സ് സപ്പോര്‍ട്ട് (ഇ.എസ്.ജി) റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചിരുന്നു.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ച് 2000-ലധികം വൃക്ഷത്തൈകളാണ് കഴിഞ്ഞ വര്‍ഷം ആസ്റ്റര്‍ വോളന്റിയര്‍മാര്‍ നട്ടുപിടിപ്പിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 3500 തൈകള്‍ കൂടി നട്ടുവളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ ഊര്‍ജ്ജക്ഷമമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കാസര്‍കോട് 55 ഏക്കര്‍ വിസ്തൃതിയില്‍ വലിയൊരു സോളാര്‍ പ്ലാന്റ് നിര്‍മ്മിക്കാനും ആസ്റ്റര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. കേരളത്തിലെ ഏഴ് ആസ്റ്റര്‍ ആശുപത്രികളിലേക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മഹാരാഷ്ട്രയിലെ കോലാപ്പൂരിലും മറ്റൊരു സോളാര്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.