ക്ഷയരോഗ നിര്‍മാര്‍ജനം: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ”കരുതല്‍ 2023” പരിശോധനാ പരിപാടിക്ക് സമാപനം

Posted on: December 14, 2023

കൊച്ചി : എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ചേര്‍ന്ന് സംഘടിപ്പിച്ച ”കരുതല്‍ 2023” പരിപാടി വിജയകരമായി പൂര്‍ത്തിയായി. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മുന്‍കൈയെടുത്ത് നടത്തിയ നിരവധി പദ്ധതികളിലൊന്നാണ് ”കരുതല്‍ 2023 – IGRA ടെസ്റ്റിംഗ് ഉദ്യമം.” ക്ഷയരോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളിലാണ് രക്തപരിശോധന നടത്തിയത്. ആവശ്യമുള്ളവര്‍ക്ക് ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ചികിത്സയും പദ്ധതി കാലയളവില്‍ നല്‍കി. ക്ഷയരോഗ സാധ്യത നിര്‍ണയിക്കുന്നതിനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സമഗ്ര പരിശോധനയായ ”ആസ്റ്റര്‍ IGRA ടെസ്റ്റിംഗ് പ്രോജക്ട്” ആണ് പദ്ധതിക്കായി കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രയോജനപ്പെടുത്തിയത്. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനാണ് ഈ പദ്ധതിക്ക് വേണ്ട മുഴുവന്‍ തുകയും ചിലവഴിച്ചത്.

ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതി, എറണാകുളം ജില്ലാ ഭരണകൂടം, ജെ.ഇ.ഇ.ടി പ്രോജക്ട്, ലോകാരോഗ്യ സംഘടന, ”യൂണിയന്‍” എന്നറിയപ്പെടുന്ന ക്ഷയരോഗത്തിനും ശ്വാസകോശരോഗങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൂടാതെ, സ്വകാര്യ ആശുപത്രികളിലെ ക്ഷയരോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തുടങ്ങിവെച്ച ”ആസ്റ്റര്‍ സ്റ്റെപ്‌സ് സെന്ററുകളും” ”ആസ്റ്റര്‍ ഫാര്‍മസി പദ്ധതിയും” കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള വിശാലമായ പദ്ധതിക്ക് വേണ്ടി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നല്‍കിയ അമൂല്യസംഭാവനകള്‍ക്ക് ജില്ലാ കളക്ടര്‍ എന്‍. എസ്.കെ.ഉമേഷ് ഐ.എ.എസ് സമാപനവേദിയില്‍ നന്ദി അറിയിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സാമൂഹ്യ പ്രതിബദ്ധതാ സംരംഭങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയില്‍ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. ജില്ലയിലെ ആസ്റ്ററിന്റെ എല്ലാ റഫറന്‍സ് ലാബുകളും പദ്ധതിയുടെ ഭാഗമായി. ദേശീയതലത്തിലുള്ള ക്ഷയരോഗനിര്‍മ്മാര്‍ജ്ജന മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു എല്ലാ കേന്ദ്രങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങളും ചികിത്സയും രൂപീകരിച്ചത്. വരുംദിവസങ്ങളിലും പദ്ധതിയുടെ തുടര്‍ച്ചയെന്നോണം, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റര്‍ ഫാര്‍മസികളിലൂടെ രോഗികള്‍ക്ക് നിരന്തരം പ്രതിരോധമരുന്നുകളും ആവശ്യത്തിനുള്ള പിന്തുണയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും കൂടിയുള്‍പ്പെടുന്നതാണ് ടിബിക്കെതിരായ ഈ പ്രതിരോധ ശൃംഖല.

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഫലപ്രദമായ പ്രതിരോധം സാധ്യമാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്‌മദ് പറഞ്ഞു.

എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്.കെ.ഉമേഷ് ഐ.എ.എസ്, ഡിടിഒ ഡോ. ആനന്ദ് എം, ആസ്റ്റര്‍ ഇന്ത്യ മെഡിക്കല്‍ അഫയഴ്‌സ് ചീഫ് ഡോ. അനുപ് ആര്‍ വാര്യര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്‌മദ്, ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ജില്ലാ ഭാരവാഹി അനൂപ് ജോണ്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ എ.ജി.എം ലത്തീഫ്, ആസ്റ്റര്‍ ലാബ്സിന്റെ കേരള, തമിഴ്‌നാട് പ്രാദേശിക മേധാവി നിതിന്‍ എന്നിവര്‍ സമാപനവേദിയില്‍ സംസാരിച്ചു.