1500 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

Posted on: January 18, 2024

കൊച്ചി : ഇന്ത്യയിലെ വളരെ വേഗം വളരുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കിടക്കകളുടെ ശേഷി 1500 എണ്ണമായി വര്‍ധിപ്പിക്കുന്നു. ഈ വികസനത്തോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്നായി ആസ്റ്റര്‍ മാറും.

ബ്രൗണ്‍ഫീല്‍ഡ്, ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് വിപുലീകരണം. കമ്പനിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. ഇതിനായി അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ കമ്പനി 850-900 കോടി രൂപയാണ് നിക്ഷേപിക്കുക. പുതുതായി പണികഴിപ്പിക്കുന്ന തിരുവനന്തപുരത്തെ ആസ്റ്ററും ഉള്‍പ്പെടുന്നതാണ് പദ്ധതി.

ആദ്യ ഘട്ടത്തില്‍ 350ലധികം കിടക്കകളാണ് ലക്ഷ്യമിടുന്നത്. കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 200ലധികം കിടക്കകള്‍ കൂട്ടും. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ 100 കിടക്കകളും ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡില്‍ 159 കിടക്കകളും വര്‍ധിപ്പിക്കും. കൊച്ചിയിലെ മെഡ്സിറ്റിയില്‍ 100 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് മൊത്തം ശേഷി 600 കിടക്കകളാക്കാനും ആസ്റ്റര്‍ ഡിഎം പദ്ധതിയിടുന്നു. 100 കിടക്കകളുള്ള അടുത്ത വിപുലീകരണ പദ്ധതി 2027-ന് ശേഷം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 200 കിടക്കകള്‍ കൂടി വരുന്നതോടെ, നിലവിലുള്ള മറ്റ് വിപുലീകരണങ്ങള്‍ക്കൊപ്പം, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചിയുടെ മൊത്തം ശേഷി 700-750 കിടക്കകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മറ്റ് ആശുപത്രികളായ മിംസ് കണ്ണൂരിലേക്ക് 100 കിടക്കകളും ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് 159 കിടക്കകളുമുള്ള ബെഡ് കപ്പാസിറ്റി കൂട്ടിച്ചേര്‍ക്കാനും കമ്പനി ലക്ഷ്യമിടുന്നു.

നിലവില്‍ ആസ്റ്റര്‍ അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, കോലാപൂര്‍, കോഴിക്കോട്, കോട്ടക്കല്‍, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 226 ഫാര്‍മസികളും 251 പേഷ്യന്റ് സെന്ററുകളും ഉള്‍പ്പെടുന്നതാണ് ഈ ശൃംഖല.