സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കൈത്താങ്ങൊരുക്കി റോട്ടറി ക്ലബ്

Posted on: October 26, 2022

കൊച്ചി : ജന്മനാ ഹൃദയത്തകരാറുമായി ജനിച്ച കുരുന്നുകള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്താന്‍ കൈത്താങ്ങൊരുക്കി റോട്ടറി ക്ലബ്. റോട്ടറി കൊച്ചിന്‍ വെസ്റ്റും കൊളംബോ വെസ്റ്റും ചേര്‍ന്ന് നടപ്പാക്കുന്ന നിയോണ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ശ്രീലങ്കയിലെകൊളംബോയില്‍ നിന്നുള്ള അഞ്ച് കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ നടത്തി.

പദ്ധതി പനമ്പിള്ളിനഗര്‍ കെഎംഎ ഹാളില്‍ റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ എസ് രാജ് മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി. ജന്മനാ ഹൃദയത്തില്‍ ദ്വാരം, വാല്‍വിന് തകരാര്‍ തുടങ്ങിയവബാധിച്ച കൊളംബോയിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയയാണ് നിയോണ പദ്ധതി.

ആദ്യസംഘത്തിലെ അഞ്ച് കുട്ടികളുടെ ശസ്ത്രക്രിയ തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടുകോടി രൂപ ചെലവില്‍ 65 കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ശ്രീലങ്കയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും കൊച്ചി അമൃത ആശുപത്രിയിലും അമൃതയിലെ ഡോക്ടര്‍മാര്‍ ശ്രീലങ്കയിലെത്തിയും പരിശീലനം നല്‍കും.

2010 ല്‍ ലക്ഷദ്വീപിനുസമീപം ബോട്ടപകടത്തില്‍ മരിച്ച ഒന്നരവയസ്സുകാരി നിയോണയുടെ പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നിയോണയുടെ കുടുംബവും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ചികിത്സയക്കെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്രാച്ചെലവുള്‍പ്പെടെ റോട്ടറി ക്ലബ്ബാണ് വഹിക്കുന്നത്. ചടങ്ങില്‍ പദ്ധതിയെക്കുറിച്ച് ജോയി തട്ടില്‍ സംസാരിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വംനല്‍കിയവരെ ആദരിച്ചു.