‘ഔര്‍ ന്യൂ എര്‍ത്ത്’ എന്ന പേരില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മൈക്രോ സൈറ്റ് പുറത്തിറക്കി

Posted on: May 22, 2020

ദുബായ് :  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തില്‍ ന്യൂ നോര്‍മല്‍ ജീവിതം നയിക്കാന്‍ വ്യക്തികളെ ക്രിയാത്മകമായി സഹായിക്കുന്ന ‘ഔര്‍ ന്യൂ എര്‍ത്ത് (നമ്മുടെ പുതിയ ഭൂമി)’ എന്ന മൈക്രോ സൈറ്റ് പുറത്തിറക്കി. നിങ്ങളുടെ വിശ്വസ്ത ആരോഗ്യ സംരക്ഷണ ഉപദേശകനും പരിശീലകനുമായ, ആസ്റ്റര്‍ നേരിട്ട് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്ത വിശ്വസനീയമായ വിവര സ്രോതസ്സുകളെല്ലാം ഒരു കുടക്കീഴില്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെ ലഭ്യമാവും.

പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കാന്‍ യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തനം തുടരുകയും, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുകയും ചെയ്യുന്നതിനാല്‍, ജീവിതം തുടരേണ്ട ഈ സാഹചര്യത്തില്‍, സ്വന്തം ആരോഗ്യവും ചുറ്റുമുള്ള മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ കടമയും ഏറ്റെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. നിലവിലെ സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്ന ആളുകള്‍ക്ക് വിവിധ സ്രോതസ്സുകളുടെ ആധിക്യം കാരണം വലിയ ആശയക്കുഴപ്പങ്ങളാണ് അനുഭവപ്പെടുന്നത്, ഈ അവസരത്തില്‍ ജീവിതം എളുപ്പമാക്കാന്‍ കൃത്യമായ വിവരങ്ങളെല്ലാം ഒരു സ്രോതസ്സിലൂടെ ലഭ്യമാക്കുവാനുളള ആസ്റ്ററിന്റെ പരിശ്രമമാണ് ഇപ്പോള്‍ പുറത്തിറക്കിയ ഈ മൈക്രോസൈറ്റ്.

പരിശോധിച്ച് കൃത്യത ഉറപ്പാക്കിയ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്രമായ മൈക്രോസൈറ്റാണിത്. ജീവിതത്തെ എങ്ങിനെ മുന്നോട്ട് നയിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക്, മികച്ച ഒരു വഴികാട്ടിയായി, ജീവിതത്തിന്റെ പുതിയ യാഥാര്‍ത്ഥ്യങ്ങളുമായി എങ്ങിനെ എളുപ്പം ഇഴുകിച്ചേരാമെന്ന് ഇത് പരിശീലിപ്പിക്കുന്നു.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ഫലമായി ലോകമെമ്പാടുമുളള ആളുകള്‍ ദൈനംദിന ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍, നമ്മുടെ പ്രവര്‍ത്തന പട്ടികയില്‍ വ്യക്തിഗത സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ‘ഔര്‍ ന്യൂ എര്‍ത്ത്’ എന്ന ഈ മൈക്രോ സൈറ്റ് പുറത്തിറക്കിയ വേളയില്‍ സംസാരിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. ഓരോ വ്യക്തികള്‍ക്കും നാം ഇപ്പോള്‍ ജീവിക്കുന്ന പുതിയ ലോകത്ത് പോസിറ്റീവായി മുന്നോട്ടുപോകുവാനുളള വിവരങ്ങള്‍ ലഭ്യമാക്കുന്നു.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, സമൂഹത്തിന്റെ ക്ഷേമം സംരക്ഷിക്കാന്‍ ഈ സമയത്തും പ്രതിജ്ഞാബദ്ധമാണ്, ഇപ്പാള്‍ അതിന്റെ തുടക്കം ആരോഗ്യ പരിശീലനത്തിലൂടെയാണ് നിര്‍വ്വഹിക്കുന്നതെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി. ദൈനംദിന അടിസ്ഥാനത്തില്‍ നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും കടമകളും പൂര്‍ത്തിയാക്കാനുണ്ട്. നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന എല്ലാ ബന്ധങ്ങളെയും പരിപാലിക്കുന്നതിനുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍, വ്യായാമത്തെക്കുറിച്ചുളള ഉപദേശങ്ങള്‍, മറ്റ് ഉപയോഗപ്രദമായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സൈറ്റിലൂടെ ലഭ്യമാകുമെന്നും അലീഷാ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരവും മാനസികവുമായ ശുചിത്വം, ഒപ്പം വീട്ടില്‍ നിന്നും ജോലി ചെയ്യുന്നതും, അത് വീണ്ടും ഓഫീസിലേക്ക് മാറുമ്പോഴുളള പരിവര്‍ത്തനത്തിലെ പ്രയാസങ്ങളും അടക്കമുളള കാര്യങ്ങളില്‍ ഈ സൈറ്റ് സൗഹാര്‍ദ്ദപരമായ നിര്‍ദ്ദേശങ്ങളും ടിപ്‌സും നല്‍കുന്നു.

കൂടാതെ കുട്ടിയുടെ പഠനകാര്യങ്ങള്‍ വീട്ടില്‍ നിന്നും ശ്രദ്ധിക്കേണ്ടിവരുന്നതും, വീടും കുടുംബവും പരിപാലിക്കുന്നതുമെല്ലാം എങ്ങിനെ അനായാസകരമായി കൈകാര്യം ചെയ്യാമെന്നും സൈറ്റ് വിശദീകരിക്കുന്നു. ഒപ്പം വായനക്കായി മികച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനും, അനുയോജ്യമായ ഭക്ഷണങ്ങളും, പോഷകാഹാരങ്ങളും തെരഞ്ഞെടുക്കാനും ഈ മൈക്രോ സൈറ്റ് ഓരോ വ്യക്തിക്കും വഴികാട്ടിയാവുന്നു. ജീവനക്കാരുടെ നേരിട്ടുളള സാന്നിധ്യം ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത 4 സുപ്രധാന തൊഴില്‍ മേഖലകളായ ഉല്‍പാദനം, റീട്ടെയില്‍, നിര്‍മ്മാണം, സേവനങ്ങള്‍ എന്നിവയുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തെക്കുറിച്ചും മൈക്രോസൈറ്റ് ഉപദേശങ്ങള്‍ നല്‍കുന്നു.

കോവിഡ് 19, പ്രതിസന്ധി ഘട്ടത്തില്‍ സമൂഹത്തിന്റെ കൂട്ടായ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ‘നമ്മുടെ പുതിയ ഭൂമി’ ഉദ്യമം. കോവിഡ് 19 ആശങ്കകളുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഇതിനകം തന്നെ പൊതുജനങ്ങള്‍ക്ക് സൗജന്യ ടെലിമെഡിസിന്‍ ഉപദേശം നല്‍കിവരുന്നുണ്ട്.

ഇന്റേണല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി, പള്‍മോണോളജി, എന്‍ഡോക്രൈനോളജി എന്നിവയിലുള്‍പ്പെടെ പ്രതിദിനം 200ലധികം വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ ഗ്രൂപ്പ് നടത്തുന്നുണ്ട്. നിലവില്‍ ക്ലിനിക്കില്‍ എത്താന്‍ കഴിയാത്ത, വിട്ടുമാറാത്ത ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ പരിചരിക്കാന്‍ ഈ സേവനം വളരെയധികം ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു.