ആസ്റ്റർ കോവിഡ് രോഗികൾക്കായി രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു

Posted on: May 6, 2021

കോഴിക്കോട് : ആസ്റ്റർ മിംസ് കോഴിക്കോട് കോവിഡ് രോഗികൾക്ക് മാത്രമായി 50 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ് ആരംഭിച്ചു. ഇതിൽ 25 കിടക്കകളുൾപ്പെടുന്ന ആദ്യ വിഭാഗം പ്രവർത്തനം ആരംഭിച്ചു. കേരളത്തിലാദ്യമായാണ് കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഫീൽഡ് ഹോസ്പിറ്റൽ എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നത്. നേരത്തെ സ്ഥാപിച്ച മേക്ക് ഷിഫ്റ്റ് ഐ സി യു വിന് സമീപം കാർപാർക്കിംഗ് ഗ്രൗണ്ടിൽ തന്നെയാണ് ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ചിരിക്കുന്നത്.

ആശുപത്രികളിൽ കിടക്കകളും ഐ സി യു ബെഡുകളും ഒഴിവില്ലാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ്് മന്ത്രി ശൈലജ ടീച്ചറും നിർദ്ദേശിച്ചതനുസരിച്ചാണ് ഇത്തരം ഒരു ഇടപെടലിന് തുടക്കം കുറിക്കാൻ തീരുമാനിച്ചതെന്ന് ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ വോളണ്ടിയേഴ്സിന്റെ സഹകരണത്തോടെ നിർധനരായ കോവിഡ് രോഗികൾക്ക് സൗജന്യമായ കോവിഡ് ചികിത്സ ഇവിടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റ് ജില്ലകളിലും കൂടുതൽ ഫീൽഡ് ആശുപത്രികൾ നിർമ്മിക്കാനുള്ള ശ്രമങ്ങളും ചർച്ചകളും നടന്നുവരികയാണ്. ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിന്റെ ഭാഗമായി ന്യൂഡൽഹിയിൽ 50 കിടക്കകളുള്ള ഒരു ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഫീൽഡ് ഹോസ്പിറ്റൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ ചുരുങ്ങിയ ദിവസങ്ങൾക്കകം ഐ സി യുവും വെന്റിലേറ്റർ സൗകര്യവും ഉൾപ്പെടെ എഴുപത് ബെഡ്ഡുകൾ സജ്ജീകരിക്കാൻ സാധിച്ചുവെന്ന് സി.ഇഒ ഫർഹാൻ യാസിൻ പറഞ്ഞു.

പത്ത് ദിവസത്തിനകം പൂർത്തിയാക്കുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും എൻജിനീയറിംഗ് വിഭാഗം മേധാവി ലിജുവിന്റെയും സുധീറിന്റെയും നേതൃത്വത്തിലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. വെന്റിലേറ്ററും, ബൈ പാപ്പ് മെഷീനും ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം യാഥാർഥ്യമാക്കുന്നതിന് ബയോമെഡ് വിഭാഗം മേധാവി മനീഷിന്റെ നേതൃത്വത്തിലുള്ള ടീമും, നേഴ്സിംഗ് സേവനം ലഭ്യമാക്കുന്നതിന് സി എൻ ഒ ഷീലാമ്മയുടെ നേതൃത്വത്തിലുള്ള ടീമും പ്രയത്‌നിച്ചു. പദ്ധതിയുടെ തുടർന്നുമുള്ള പ്രവർത്തികൾക്ക് എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ പി. പി. നേതൃത്വം വഹിക്കും.