ആസ്റ്റർ ഡിഎം അത്യാഹിത രോഗീ പരിചരണത്തിൽ പരിശീലനം നേടിയ 88 നേഴ്‌സുമാരെ യുഎഇയിൽ എത്തിച്ചു

Posted on: May 10, 2020

ദുബായ് : ആസ്റ്ററിന്റെ കേരളം, മഹാരാഷ്ട്ര (കോലാപ്പൂർ), കർണ്ണാടക എന്നിവിടങ്ങളിലെ ക്വാർട്ടേർണറി ഹോസ്പിറ്റലുകളിൽ നിന്നുളള, ഗുരുതര രോഗീ പരിചരണത്തിൽ പരിശീലനം നേടിയ 60 നേഴ്സുമാരെ യുഎഇയിൽ എത്തിച്ചു. കോവിഡ് 19 പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യുന്ന ദുബായിലെ ഫീൽഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളിൽ ഇവർ പങ്കുചേരും. ലോക്ക് ഡൗണിനെത്തുടർന്ന് മടങ്ങാൻ കഴിയാത്ത ആസ്റ്ററിന്റെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന 28 നേഴ്‌സുമാരും ഇവരോടൊപ്പം എത്തിയിട്ടുണ്ട്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള വിശ്വസ്ത ബന്ധത്തെയും ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയിൽ ഇരു രാജ്യങ്ങളും പങ്കിട്ട ആഴമേറിയ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ദൗത്യമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

യുഎഇ സർക്കാരും ദുബായ് ഹെൽത്ത് അഥോറിട്ടിയും, ചേർന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 3000 ബെഡുകളുളള ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് 19 കേസുകളുടെ വർധന ഉണ്ടായാൽ രോഗികളെ ചികിത്സിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദുബായ് ഗവൺമെന്റിന്റെ സജീവമായ മുൻകരുതൽ നടപടികളുടെ ഭാഗമാണ് ഈ നീക്കം.