ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ 33 ാം സ്ഥാപകദിനം ആഘോഷിച്ചു

Posted on: December 23, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ 33 ാം സ്ഥാപകദിനം എത്യോപ്യ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ 5 പുതിയ ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സേവനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആഘോഷിച്ചു. ഇന്ത്യ, യുഎഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിലവിലുള്ള 7 ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സേവനങ്ങൾക്ക് പുറമെയാണിത്.

എത്യോപ്യയിൽ അവതരിപ്പിക്കുന്ന മൊബൈൽ മെഡിക്കൽ സേവനം, എത്യോപ്യൻ ആരോഗ്യ മന്ത്രാലയവും, സെന്റ് പോൾ ഹോസ്പിറ്റൽ ആൻഡ് മില്ലേനിയം കോളേജും സഹകരിച്ചായിരിക്കും പ്രാവർത്തികമാക്കുക. ശേഷിക്കുന്ന യൂണിറ്റുകൾ ഒമാൻ, ഇന്ത്യ ( കൊച്ചി, വയനാട്, ബംഗലുരു) എന്നിവിടങ്ങളിൽ ആരംഭിക്കും. ബംഗലുരുവിൽ തുടങ്ങാനിരിക്കുന്ന മൊബൈൽ ക്ലിനിക്ക് അശോക് ലെയ് ലാൻഡുമായി സഹകരിച്ചാണ് ആരംഭിക്കുക.

ദുബായ് അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ എത്യോപ്യയ്ക്കുള്ള മൊബൈൽ ക്ലിനിക് സർവീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും എഫ്.ഡി.ആർ ഓഫ് എത്യോപ്യയുടെ കോൺസുലർ ജനറൽ ഹിസ് എക്‌സലൻസി ജറുസലേം ആംഡിമാറിയം ടഡേസ്സായും ചേർന്ന് നിർവഹിച്ചു.

ദുബായ് ഹെൽത്ത് അഥോറിട്ടിയിലെ ഹെൽത്ത് പോളിസീസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഡയറക്ടർ ഡോ. ഹനാൻ ഒബൈദ്, ദുബൈ ആംബുലൻസിലെ ഡോ. ഒമർ സഖാഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്്‌സിക്യൂട്ടീവ് ഡയറക്ടർ ടി.ജെ വിൽസൺ എന്നിവരും ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ മറ്റ് മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 33 വർഷത്തെ ഞങ്ങൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങളിലൊന്നാണ് അനുകമ്പയെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സേവനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്ത വലിയൊരു വിഭാഗം ആളുകളിലേക്ക് ഇതിനകം എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തിറക്കിയ 5 പുതിയ മൊബൈൽ ക്ലിനിക്കുകളിലൂടെ കഴിയുന്നത്ര ആളുകൾക്ക് സഹായഹസ്തം നൽകുകയും ചെയ്യുമെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.