ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനം ആഘോഷിച്ചു

Posted on: December 9, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭമായ ആസ്റ്റർ വോളണ്ടിയേഴ്‌സ് കോമൺ ഗ്രൗണ്ട് ഇവന്റിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാരും ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷന്റെ അംഗങ്ങളും അന്താരാഷ്ട്ര ഭിന്നശേഷി ദിനവും ആഘോഷിച്ചു. സെൻസസ് – റെസിഡൻഷ്യൽ ഡേ കെയർ ഫോർ സ്പെഷ്യൽ നീഡ്‌സ്, ദുബായ് ഓട്ടിസം സെന്റർ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുളള വിശാഖ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്, ദുബായ് സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സ് എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത വിംഗ്‌സ് ഓഫ് എയ്ഞ്ചൽസ് എന്ന യുഎഇയിലെ ഭിന്നശേഷി ബോധവൽക്കരണ ഗ്രൂപ്പിന്റെ സ്ഥാപകയായ ഷോബിക കൽറ മുഖ്യ പ്രഭാഷണം നടത്തി. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ വിവിധ യൂണിറ്റുകളിലായി 108 ഭിന്നശേഷിക്കാരായ വ്യക്തികളെ ജോലിക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ട്,

കോമൺ ഗ്രൗണ്ട് ഇവന്റ് ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിലാണ് സംഘടിപ്പിക്കപ്പെട്ടത്. സൂപ്പർ ഹീറോകൾ കഥാപാത്രങ്ങളായി വേദിയിലെത്തിയ ബിയോണ്ട് ലേബൽസ് എന്ന ഫാഷൻ ഷോയും, പ്രതിഭാധനരായ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗീത, നൃത്ത പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. ദുബായ് ഓട്ടിസം സെന്റർ, വിശാഖ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്, ദുബൈ സെന്റർ ഫോർ സ്‌പെഷ്യൽ നീഡ്‌സ് എന്നീ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

ആസ്റ്റർ വോളണ്ടിയറും കോസ്റ്റ്യൂം ഡിസൈനറുമായ സുഷമ നായരും കുട്ടികളെ പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിച്ച് പരിപാടിക്കായി ഒരുക്കിയപ്പോൾ, ആസ്റ്റർ വോളണ്ടിയറും നർത്തകനും, ഭിന്നശേഷിക്കാരായ കുട്ടികളുടെ നൃത്ത, കലാ സംവിധായകനുമായ വിശാഖ വർമ്മ കുട്ടികൾക്ക് റാമ്പ് വോക്കും, സംഘ നൃത്തവും പരിശീലിപ്പിച്ചു.

ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ ആംഗ്യഭാഷാ പരിശീലന പരിപാടി ഉടൻ ആരംഭിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ ചടങ്ങിൽ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ വൈകാതെ ആസ്റ്റർ വോളണ്ടിയേഴ്‌സ് വെബ്സൈറ്റിൽ ലഭ്യമാകും. ഇത്തരം ജീവിത കഥകളോടുള്ള നമ്മുടെ ആദരവിലൂടെ സമൂഹത്തെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോമൺ ഗ്രൗണ്ട് ഇവന്റ് സംഘടിപ്പിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

നിശ്ചയദാർഢ്യമുളള ആളുകൾക്ക് നമ്മുടെ സമൂഹത്തിൽ വളരെയധികം ചെയ്യാൻ സാധിക്കുമെന്ന് ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷന്റെ ചെയർമാൻ താനി ജുമാ ബറെഗാദ് പറഞ്ഞു.