അലീഷ മൂപ്പന് യുഎഇ ഗവൺമെന്റിന്റെ 10 വർഷത്തെ പെർമനന്റ് റെസിഡൻസി ഗോൾഡ് കാർഡ്

Posted on: September 11, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പന് യുഎഇയിൽ 10 വർഷത്തെ സ്ഥിരതാമസം അനുവദിച്ചുകൊണ്ടുള്ള യുഎഇ ഗവൺമെന്റിന്റെ ഗോൾഡ് കാർഡ് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ കേണൽ അലി അൽ ഹംദി, ലഫ്. കേണൽ ഉമർ മാത്തർ അൽ മസീന എന്നിവരിൽ നിന്നും അലീഷ മൂപ്പൻ ഗോൾഡ് കാർഡ് സ്വീകരിച്ചു.

യുഎഇയിലെ ആരോഗ്യ സേവനമേഖലയെ മികച്ച രീതിയിൽ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നതെന്ന് അലീഷ മൂപ്പൻ പറഞ്ഞു. റെസിഡൻസി സ്റ്റാറ്റസ് ലഭിച്ചതിലൂടെ യുഎഇ സർക്കാരിനാൽ അംഗീകരിക്കപ്പെട്ട ആദ്യ വനിത ബിസിനസ് സംരംഭകരിലൊരാളാണ് താൻ. യുഎഇയുടെ ദീർഘവീക്ഷണം നിറഞ്ഞ ഈ ഉദ്യമത്തിന് ഭരണനേതൃത്വത്തോട് അലീഷ മൂപ്പൻ നന്ദി രേഖപ്പെടുത്തി.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ഭാര്യ നസീറ ആസാദ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർ അനൂപ് മൂപ്പൻ എന്നിവർക്കും യുഎഇയിൽ 10 വർഷത്തെ സ്ഥിരതാമസം അനുവദിച്ചുകൊണ്ടുള്ള യുഎഇ ഗവൺമെന്റിന്റെ ഗോൾഡ് കാർഡ് അനുവദിക്കപ്പെട്ടിട്ടുണ്ട്.