ഗൾഫിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ ഏഴ് മലയാളികൾ

Posted on: July 5, 2019

ദുബായ് : ഗള്‍ഫ് മേഖലയിലെ അതി സമ്പന്നരായ ഇന്ത്യന്‍ വ്യവസായികളുടെ ഏഴാം ഫോബ്‌സ് ലിസ്റ്റ്  പുറത്തിറക്കി. ലിസ്റ്റിലെ ആദ്യ പതിനഞ്ചു പേരില്‍ ഏഴു മലയാളികള്‍ ഉള്‍പ്പെടുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലിയാണ് ലിസ്റ്റിലെ  ഒന്നാമന്‍. ബി. ആര്‍. എസ്. വെഞ്ച്വേഴ്‌സ് ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി രണ്ടാം സ്ഥാനത്തും ദുബായ് ആസ്ഥാനമായുള്ള സ്റ്റാലിയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനി മൂന്നാം സ്ഥാനത്തുമുണ്ട്.

ആര്‍. പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള, അല്ലാന ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ് അല്ലാന, ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍. സി. മേനോന്‍. ഡാന്യൂബ് ഗ്രൂപ്പ് സാരഥി റിസ്വാന്‍ സാജന്‍, തുംബെ  ഗ്രൂപ്പ് ചെയര്‍മാന്‍ തുംബെ മൊയ്തീന്‍, മുല്‍ക് ഹോള്‍ഡിംഗ്‌സ് സ്ഥാപകന്‍ ഷാജി ഉള്‍ മുല്‍ക്, ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരാണ് തൊട്ടുപിന്നില്‍.

വി.പി. എസ്.  ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍ പന്ത്രണ്ടാംസ്ഥാനത്തും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അദീബ് അഹമ്മദ് പതിന്നാലാമതും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പതിനഞ്ചാം സ്ഥാനത്തുമെത്തി. ഗള്‍ഫ് വ്യവസായരംഗത്തെ മലയാളികളുടെ രണ്ടാംതലമുറ മുന്നിലേക്കുവരുന്നെന്നതാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ കാര്യം.

ബുധനാഴ്ച ദുബായിലെ ഹോട്ടല്‍ പലാസോ വെര്‍സാസില്‍ നടന്ന ചടങ്ങിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
യു. .െ ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ്‌സിംഗ് സൂരി, ശൈഖ് മുഹമ്മദ് ബിന്‍ മക്തൂം, ബിന്‍ ജുമാ അല്‍ മക്തൂം എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പ്രകാശനം ചെയ്തത്.