എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ കൊച്ചിയിൽ ഇടിച്ചിറക്കി

Posted on: April 11, 2021

കൊച്ചി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇന്നു രാവിലെ 8.30 ടെ കൊച്ചിയിൽ ഇടിച്ചിറക്കി. കൊച്ചി പനങ്ങാടിന് സമീപം ദേശീയപാതയ്ക്ക് അരികെയുള്ള ചതുപ്പിലാണ് ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയും ഉൾപ്പടെ ആറ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂസഫലിയെ സ്‌കാനിംഗിന് വിധേയനാക്കി. കൊച്ചി കടവന്ത്ര ചിലവന്നൂരിലെ വസതിയിൽ നിന്നും ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോവുകയായിരുന്നു അദ്ദേഹം.

ഹെലികോപ്ടർ പനങ്ങാട് ഫിഷറീസ് കോളജ് ഗ്രൗണ്ടിൽ ഇറങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഹെലികോപ്ടർ നിയന്ത്രണം വിട്ടതുമൂലം ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ മാറി ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിക്കും കുടുംബത്തിനും പുറമെ രണ്ട് പൈലറ്റുമാരും രണ്ട് ജീവനക്കാരുമാണ് ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിലുണ്ടായിരുന്നത്. ഹെലികോപ്ടറിലെ വൈദ്യുതി തകരാറാണ് ഇടിച്ചിറക്കാൻ നിർബന്ധിതമാക്കിയതെന്നാണ് പ്രാഥമിക സൂചന. അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തും.