ലുലു ഗ്രൂപ്പ് സൗദിയില്‍ 20 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുടങ്ങും

Posted on: February 21, 2019

ന്യൂഡല്‍ഹി : റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് സൗദിയില്‍ 2020 ആകുമ്പോഴേക്കും 20 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി പുതുതായി ആരംഭിക്കും. സൗദി കിരീടവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ – സൗദി ബിസിനസ് ഫോറത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയില്‍ 100 കോടി റിയാല്‍ നിക്ഷേപത്തിലാകും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. 2020 ആകുമ്പോള്‍ ലുലുവിന്റെ സൗദിയിലെ മുതല്‍മുടക്ക് 200 കോടി റിയാലാകും. ഇപ്പോള്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഉള്ളത്. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ അത്യാധുനിക രീതിയില്‍ ലോജിസ്റ്റിക്‌സ് സെന്റര്‍ ആരംഭിക്കാനും ലുലു ഗ്രൂപ്പ് തീരിമാനിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുടെ 15 സൂപ്പര്‍മാര്‍ക്കറ്റുകള്‍, സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ ക്യാമ്പുകളില്‍ ഷോപ്പിംഗ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നടത്തുന്നതിന്റെ ചുതലയും ലുലുവിനാണ്.