വ്യോമയാനരംഗത്ത് ഇന്ത്യയും കുവൈറ്റുും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ധാരണ

Posted on: October 23, 2019

കുവൈറ്റ്‌സിറ്റി : വ്യോമയാനരംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കുവൈറ്റ് താത്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജാസിം അൽ നജീം വ്യക്തമാക്കി.

ഇന്ത്യൻ വാണിജ്യ വ്യവസായ -സിവിൽ ഏവിയേഷൻ കാര്യമന്ത്രി ഹർദീപ് പുരിയെ സന്ദർശിച്ച് ഇത് സംബന്ധിച്ച് കുവൈത്ത് സർക്കാരിൽ നിന്നുള്ള കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ആഴ്ചയിൽ പന്ത്രണ്ടായിരം സീറ്റുകളാണു ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർക്കായി അനുവദിച്ചിരിക്കുന്നത്.

സീറ്റുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2007 ൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാൽ ഇത് വരെ നടപ്പാക്കാനായില്ല. ഇരു രാജ്യങ്ങളിലേയും വിമാനക്കമ്പനികൾക്ക് സീറ്റ് വിഹിതം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കരാർ ഒപ്പിടാനുള്ള കുവൈറ്റിന്റെ ആവശ്യം ചർച്ചയിൽ ഉന്നയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയനേതൃത്വം താത്പര്യം പ്രകടിപ്പിച്ചതായും അൽ-നജീം വ്യക്തമാക്കി.

കേന്ദ്ര വാണിജ്യ, വ്യവസായ, സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് പുരി, വിവിധ മേഖലകളിളിൽ കുവൈത്തുമായുള്ള വ്യാപാര കൈമാറ്റവും സഹകരണവും വർദ്ധിപ്പിക്കുന്നതിനു ഇന്ത്യയുടെ താൽപര്യം പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

വ്യോമയാന മേഖല രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ്. കുവൈറ്റിലെ ഇന്ത്യൻ സമൂഹം 10 ലക്ഷത്തോളമായി കൂടാതെ ഇന്ത്യയിലേക്ക് വരുന്ന കുവൈറ്റ് വിനോദസഞ്ചാരികളുടെയും കുവൈറ്റിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെയും എണ്ണവും വർധിച്ചു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും വിശിഷ്ടവുമായ ബന്ധത്തെ പ്രശംസിച്ച മന്ത്രി, ഡൽഹിയിൽ ഉടൻ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ഉഭയകക്ഷി ചർച്ചകൾ നടത്താൻ ധാരണയായതായും വ്യക്തമാക്കി.