കരിപ്പൂർ വിമാനാപകടത്തിൽ കേന്ദ്രവും സംസ്ഥാനവും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു

Posted on: August 8, 2020

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാരമായ പരുക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വിമാനം തകർന്നു വീണ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള എല്ലാവരുടെയും ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ 149 പേരാണ് 16 ആശുപത്രികളിലായി ചികിത്സയിലുള്ളത്. ചികിത്സയിലുള്ള 23 പേരുടെ നില ഗുരുതരമാണ്. ഓരോ ആശുപത്രിയുടെയും ചുമതല സബ് കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് പോസിറ്റീവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.