കൊറോണ വൈറസ് : ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ റദ്ദാക്കി വ്യോമയാനവകുപ്പ്

Posted on: March 2, 2020

മനാമ: ബഹ്റൈനില്‍ രണ്ടാമതൊരാള്‍ക്കു കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് ദുബായ് വഴി ബഹ്റൈനിലെത്തിയ ബഹ്‌റൈനി വനിതക്കാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്. അവരെ ഉടന്‍ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചു ചികിത്സ നല്‍കുകയാണ്. ഇവര്‍ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമൊപ്പം ഇറാന്‍ സന്ദര്‍ശനത്തിന് ശേഷം ബഹറിനില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ രോഗം തെളിഞ്ഞത്.

എന്നാല്‍ ഈ വനിതക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു രണ്ടു പേരെയും വൈറസ് ബാധിച്ചിട്ടില്ലെന്നു തെളിഞ്ഞുവെങ്കിലും ഇവരെയും നിരീക്ഷണത്തിനായി പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കക്കും ഇടയില്ലെന്നും എന്നാല്‍ ജാഗ്രതയിലാണ് മന്ത്രാലയമെന്നും അധികൃതര്‍ അറിയിച്ചു.

അസുഖബാധിതമായ ഓരോ രാജ്യത്തുനിന്നും വന്നിറങ്ങുന്ന ഓരോരുത്തരെയും വളരെ കര്‍ക്കശമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ അവരെ പരിശോധനക്ക് വിധേയമാക്കി രോഗം ബാധിച്ചിട്ടില്ലെന്നു ഉറപ്പു വരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു ഒരു പ്രത്യേക മെഡിക്കല്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ നിരന്തരം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായും ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലുമായും ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു വൈറസ് സംശയിക്കുന്നവരെ ലബോറട്ടറി ടെസ്റ്റ് കഴിഞ്ഞു ഫലം വരുന്നതുവരെ മാറ്റിപാര്‍പ്പിച്ചശേഷമാണ് വിടുന്നത്.

പിന്നീട് 14 ദിവസത്തേക്ക് വീട്ടില്‍ കഴിയണമെന്നും പ്രതിരോധത്തിന്റെ ഭാഗമായി അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട് രാജ്യത്തെ പൗരന്മാര്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും സുരക്ഷ നല്‍കാന്‍ മന്ത്രാലയം ബാധ്യസ്ഥരാണെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. അസുഖം ബാധിച്ചിട്ടുള്ള  രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവര്‍ 444 എന്ന നമ്പറില്‍ വിളിച്ചു മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

TAGS: Corona Virus |