പ്രകാശം പരത്തുന്ന സൂപ്പർ ഹീറോ വോളന്റിയർ

Posted on: May 2, 2020

കോവിഡ്19 പ്രതിരോധത്തിനിടെ ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ ഏറ്റെടുത്തത് വ്യത്യസ്തമായൊരു ദൗത്യമാണ്. ആശുപത്രികളിൽ പോകാൻ പറ്റാത്ത പാവപ്പെട്ട രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ചു കൊടുക്കുകയാണ് അദ്ദേഹം ഇപ്പോൾ. സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി മിഷന്റെ കേരള സൂപ്പർ ഹീറോ ആപ്പിൽ വോളന്റിയറായി പേര് രജിസ്റ്റർ ചെയ്താണ് സേവനം.

എറണാകുളം ജില്ലയിലെ വരാപ്പുഴ തേവർകാട് സേക്രട്ട് ഹാർട്ട് ലത്തീൻ പള്ളി വികാരിയാണ് ഫാ. ആന്റണി ഷൈൻ. ലോക്ക് ഡൗണിന്റെ ഭാഗമായി ദേവാലയങ്ങൾ അടച്ചിട്ടതോടെ സമൂഹത്തിന് വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്ന് അച്ചൻ ആഗ്രഹിച്ചു. വരാപ്പുഴ അതിരൂപതയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നൽകിയ ഈസ്റ്റർ ദിന സന്ദേശമാണ് വഴിത്തിരിവായത്.

വരാപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പുണ്ട്. ഇതിൽ അംഗമായി പ്രവർത്തനങ്ങൾ തുടങ്ങുമ്പോഴാണ് സർക്കാരിന്റെ ആപ്പ് വരുന്നതും അച്ചൻ രജിസ്റ്റർ ചെയ്യുന്നതും. മരുന്ന് വിതരണം ചെയ്യാനുള്ള സന്ദേശം എറണാകുളത്തെ കമ്യൂണിറ്റി ഫാർമസിയിൽ നിന്ന് അച്ചന്റെ ഫോണിലേക്ക് എത്തും. ദൗത്യം ഏറ്റെടുത്താൽ മരുന്നിന്റെ കുറിപ്പും രോഗിയുടെ ഗൂഗിൾ ലൊക്കേഷനും ഫോൺ നമ്പരും ലഭിക്കും. കലൂരിലെ സേവന മെഡിക്കൽസിൽ നിന്നാണ് മരുന്ന് വാങ്ങേണ്ടത്.

ഇതേ മെസേജ് അവർക്കും ലഭിക്കും. മരുന്നിന് പണം നൽകേണ്ടതില്ല. മരുന്ന് കൃത്യമായി രോഗിയുടെ പക്കൽ എത്തിക്കുകയാണ് അച്ചന്റെ ദൗത്യം. മൊബൈൽഫോണിലേക്ക് വന്ന മെസേജ് കാണിച്ചാൽ പോലീസ് യാത്ര അനുവദിക്കും. ഇതിനകം ഫാ. ഷൈൻ ഒട്ടേറെ കുടുംബങ്ങളിൽ മരുന്ന് എത്തിച്ചു നൽകി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചെറായി സ്വദേശി ലിബിൻ കുറെദിവസങ്ങളായി മരുന്നുകൾ തീർന്ന പ്രയാസത്തിലായിരുന്നു. മരുന്നുമായി ചെന്നപ്പോൾ ലിബിനുണ്ടായ സന്തോഷവും പതിനഞ്ചോളം അന്തേവാസികൾ താമസിക്കുന്ന ഏഴിക്കര ആശ്രയഭവനിൽ ചെന്നപ്പോൾ അനുഭവിച്ച ആഹ്ലാദവും അദ്ദേഹം എടുത്തു പറയുന്നു.

ഇതിനു പുറമെ തന്റെ ഇടവകയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് ഫീസ് കണ്ടെത്താൻ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണവിതരണക്കാരനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദിവസേന അഞ്ച് മണിക്കൂറാണ് ജോലി ചെയ്തിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കുട്ടികളുടെ ഫീസ് അടയ്ക്കാൻ നൽകുമായിരുന്നു.

നെടുമ്പാശേരി അത്താണി കാട്ടുപറമ്പിൽ സൈമൺ – ശോശാമ്മ ദമ്പതികളുടെ മകനാണ് ഫാ. ഷൈൻ. സെമിനാരി പഠനത്തിന് ശേഷം 2010 ഡിസംബറിൽ വൈദികനായി. ഇപ്പോൾ അതിരൂപതയുടെ കരിസ്മാറ്റിക് കമ്മീഷൻ ഡയറക്ടർ കൂടിയാണ്.