പി എൻ ബി വെസ്പെർ ലൈഫ് സയൻസിന് രണ്ടാംഘട്ട കോവിഡ് മരുന്ന് പരീക്ഷണത്തിന് അനുമതി

Posted on: September 11, 2020

കൊച്ചി : കോവിഡ് -19 രോഗികളിൽ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായുള്ള മരുന്ന് ഗവേഷണ കമ്പനിയായ പി എൻ ബി വെസ്പെർ ലൈഫ് സയൻസിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. പൂനെ ബി.എം.ജെ മെഡിക്കൽ കോളജിൽ ഓക്സിജൻ സഹായത്തോടെ കഴിയുന്ന 40 കോവിഡ് രോഗികളിൽ പി എൻ ബി -001 ( GPP-Baladol®) പരീക്ഷിക്കും. 60 ദിവസത്തിനകം പരീക്ഷണം പൂർത്തിയാക്കും. ലോകത്ത് തന്നെ കോവിഡ് രോഗികളിൽ വാക്‌സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എൻ ബി വെസ്പെർ ലൈഫ് സയൻസ് അവകാശപ്പെട്ടു.

ആഗോളതലത്തിൽ കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡെക്സമേതസോൺ (DEXAMETHASONE) എന്ന മരുന്നുമായി പി എൻ ബി -001 പരീക്ഷണ ഫലം താരതമ്യം ചെയ്യും. രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കൽ കോളജുകളിലായി ഏകദേശം 350 കോവിഡ് രോഗികളിൽ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. യു എസ്, യൂറോപ്പ് തുടങ്ങി ആഗോള തലത്തിൽ പേറ്റന്റും ബൗദ്ധിക സ്വത്തവകാശവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

ഒന്നാം ഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പി എൻ ബി -001 (GPP-Baladol®) രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്. വിവിധ കാലയളവുകളിലായി ലോ, മീഡിയം, ഹൈ ഡോസ് മരുന്ന് 74 പൂർണ ആരോഗ്യമുള്ളവരിലാണ് പരീക്ഷിച്ചത്. പൈറെക്‌സിയ പഠനങ്ങളിൽ ആസ്പിരിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയേറിയതാണ് പി എൻ ബി -001 എന്ന് തെളിയിക്കപ്പെട്ടതാണ്.

യു. എസ്. എഫ്. ഡി. എ. മരുന്നിൽ താത്പര്യം പ്രകടിപ്പിക്കുകയും തുടർന്ന് അവരുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചത്. കോവിഡ് 19 മരുന്ന് പരീക്ഷണങ്ങളുടെ ഭാഗമാകാൻ യു.കെ. സർക്കാരുമായുള്ള ചർച്ചകൾ പി എൻ ബി ആരംഭിച്ചു കഴിഞ്ഞു. ഡോ. എറിക് ലാറ്റ്മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് യുകെ യിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആന്റി പൈററ്റിക് ആൻഡ് പെയിൻ പഠനങ്ങളിൽ ആസ്പിരിനേക്കാൾ ഇരുപത് മടങ്ങ് ഫലപ്രദമാണ് പി എൻ ബി -001 എന്നും ശ്വാസ തടസത്തിനും ശാസകോശ ഉത്തേജനത്തിനും ഏറെ ഫലപ്രദമാണിതെന്നും ഡോ. എറിക് ലാറ്റ്മാൻ പറഞ്ഞു. ഡെങ്കി വൈറസ് പഠനത്തിലും പി എൻ ബി -001 മികച്ച ഫലമാണ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിതെന്ന് പി എൻ ബി വെസ്പെർ ലൈഫ് സി.ഇ.ഒ പി. എൻ. ബലറാം അഭിപ്രായപ്പെട്ടു. പനി, ശരീര വേദന, താപ നില എന്നിവ കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമാണ് പി എൻ ബി -001 എന്ന് പ്രീ ക്ലിനിക്കൽ പഠനങ്ങളിൽ തന്നെ വ്യക്തമായിരുന്നതായി അദ്ദേഹം പറഞ്ഞു. സ്മാൾ സെൽ ലങ്ങ് കാൻസർ, സെനോഗ്രാഫ്റ്റ്, അലോഗ്രാഫ്റ്റ് പഠനങ്ങളിലും പി എൻ ബി -001 മികച്ച ഫലം നൽകി. കോവിഡ് രോഗികളിൽ മികച്ച ഫലം ലഭിച്ചാൽ കോവിഡ് 19 ചികിത്സക്കായുള്ള ലോകത്തെതന്നെ ആദ്യ മരുന്നായിരിക്കും പി എൻ ബി -001 എന്ന് പി.എൻ. ബൽറാം പറഞ്ഞു.

വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കായുള്ള ആറോളം മരുന്നുകൾ പരീക്ഷണ ഘട്ടത്തിലാണ്. കഠിന വേദന, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്ന് രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഈ മാസം അവസാനത്തോടെ പരീക്ഷണം പൂർത്തിയാകും. പാൻക്രിയാറ്റിക്, കോളൻ ക്യാൻസറുകൾക്കുള്ള പി എൻ ബി -028 മരുന്ന് അടുത്ത വർഷം മാർച്ചിന് മുൻപ് പരീക്ഷണങ്ങൾ പൂർത്തിയാക്കും. പി എൻ ബി 081, ബ്രെയിൻ, ബ്രെസ്റ്റ് കാൻസറുകൾക്കായുള്ള പി എൻ ബി -291, ഗ്യാസ്ട്രിക് കാൻസർ, സെൽ ലങ്ങ് ക്യാൻസർ എന്നീ രോഗങ്ങൾക്കുള്ള പി എൻ ബി -102 എന്നീ മരുന്നുകളും പരീക്ഷണ ഘട്ടത്തിലാണ്.