റാപ്പിഡ് സ്‌ക്രീനിംഗ് വാഹനവുമായി ഡോ. വിനയ് ഗോയൽ

Posted on: April 28, 2020

കോവിഡ്19 പടരുമ്പോൾ പ്രാഥമിക പരിശോധനയിൽ പോലും മുൻകരുതൽ ഏറെ വേണം. ശരീരോഷ്മാവ് പരിശോധിക്കലാണ് ആദ്യ കടമ്പ. ഈ വിഷമസന്ധിക്കുള്ള പരിഹാരമാർഗമാണ് തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ ഐ എ എസ് അവതരിപ്പിച്ച റാപ്പിഡ് സ്‌ക്രീനിംഗ് വെഹിക്കിൾ. പത്തനംതിട്ട ജില്ലാ കളക്ടർ പി. ബി. നൂഹിനൊപ്പം കോവിഡ് രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും എംബിബിഎസുകാരനായ സബ്കളക്ടർ അശ്രാന്തപരിശ്രമം നടത്തിവരികയാണ്.

പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പ്രതിദിനം 400 പേർക്ക് പനിയുണ്ടോയെന്നു പരിശോധിക്കാനും വേണ്ടി വന്നാൽ സ്രവങ്ങളുടെ സാമ്പിൾ ശേഖരിക്കാനും കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് വാഹനത്തിലുള്ളത്. തിരംഗ് എന്ന് പേരിട്ടിട്ടുള്ള വാഹനവും അതുപയോഗിച്ചുള്ള പരിശോധനയും വിനയ് ഗോയലും സുഹൃത്തും സഹപാഠിയുമായ ഡോ. വികാസ് യാദവും ചേർന്നാണ് വികസിപ്പിച്ചത്.

പത്തനംതിട്ട ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഈ ടെസ്റ്റിംഗ് സംവിധാനം സന്നദ്ധസേനാംഗങ്ങളുടെ സഹായത്തോടെ ഔദ്യോഗികമായി ഏറ്റെടുത്തു. റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം വീടുകളിലും ആളുകൾ കൂടുതലായി ഉള്ള സ്ഥലങ്ങളിലും എത്തും. ജനങ്ങളുടെ പനി നോക്കുന്നതിനും കോവിഡ് സംബന്ധമായ മറ്റ് സംശയങ്ങൾ ദുരീകരിക്കുന്നതിനും ഡോക്ടറെ തേടി പോകേണ്ടിവരില്ല. ഒരു റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ഉപയോഗിച്ച് നാലു മണിക്കൂർ ഉള്ള രണ്ട് ഷിഫ്റ്റ് കൊണ്ട് ഒരു ദിവസം 400 പേരെ സ്‌ക്രീൻ ചെയ്യാനാകും.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം തയാറാക്കിയത്. കൂടാതെ കുറഞ്ഞ സമയത്ത് കൂടുതൽ ആൾക്കാരെ സ്‌ക്രീൻ ചെയ്യാനും റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തിലൂടെ സാധിക്കും. വാഹനത്തിന് മുമ്പിലായി ഒരു ഇൻഫ്രാ റെഡ് തെർമോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. തെർമോമീറ്ററിന്റെ നിയന്ത്രണം വാഹനത്തിനുള്ളിലായിരിക്കും. ഇതിലൂടെ ആളുകൾക്ക് പനി ഉണ്ടോ എന്ന് അറിയാൻ സാധിക്കും.