കോവിഡ് പ്രതിരോധത്തിന് ആയുർ ഫേസ് മാസ്‌ക്ക്

Posted on: April 24, 2020

രോഗപ്രതിരോധശേഷിയുള്ള ആയുർവേദ ഔഷധക്കൂട്ടുകളിൽ മുക്കിയെടുത്ത നൂലിൽ നെയ്യുന്ന ആയുർ മാസ്‌ക്കുകൾ ആണ് ഇപ്പോൾ വിപണിയിലെ ട്രെൻഡ്. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജിലെ ആർ ആൻഡ് ബി (രസശാസ്ത്ര ഭൈഷജ്യകല്പന) വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ആനന്ദ് എസ്. ആണ് നൂതനമായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. കൊറോണ വൈറസിനെ നേരിടാൻ പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കണമെന്ന നിർദേശം വന്നപ്പോഴാണ് ആയുർ മാസ്‌ക്ക് എന്ന ആശയം ഡോ. ആനന്ദിന്റെ മനസിലെത്തുന്നത്.

കോവിഡ് പ്രതിസന്ധിയിൽ ലോകം മുഴുവൻ ആയുർവേദത്തിലേക്ക് ഉറ്റുനോക്കുന്ന ഘട്ടത്തിൽ തിരുവല്ല സ്വദേശിയായ ഡോ. ആനന്ദ് തന്റെ ആശയം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുമ്പിൽ അവതരിപ്പിച്ചു. സംഘടന പൂർണ പിന്തുണ നൽകിയതോടെ ഡോ. ആനന്ദിന്റെ ആശയം യാഥാർത്ഥ്യമായി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയാണ് ഡോ. ആനന്ദ്.

മഞ്ഞൾ, കൃഷ്ണതുളസി, പനിക്കൂർക്ക തുടങ്ങിയ രോഗാണു നാശക ശേഷിയുള്ളതും ശ്വാസനപ്രക്രിയ ആയാസകരമാക്കുന്നതുമായ ഔഷധകൂട്ടുകൾ ഉപയോഗിച്ച് തയാറാക്കിയ കഷായത്തിലാണ് നൂൽ മുക്കിയെടുക്കുന്നത്. വെള്ള നിറത്തിലുള്ള കൈത്തറി നൂൽ കഷായത്തിൽ മുക്കിയെടുക്കുമ്പോൾ മഞ്ഞളിന്റെ നിറമാണ് ലഭിക്കുന്നത്. ആയുർവേദ ഫാർമസിസ്റ്റായ അജുവിന്റെ ബാലാരാമപുരത്തെ കൈത്തറി യൂണിറ്റിലാണ് ആയുർ മാസ്‌ക്കിനുള്ള തുണി നെയ്യുന്നത്.

നാസാ ഹി ശിരസോ ദ്വാരം എന്ന പ്രമാണമനുസരിച്ചു ഉത്തമാംഗമായ ശിരസിലേക്കു ഔഷധാംശം എത്തിക്കാനുള്ള പ്രധാന മാർഗ്ഗമാണ് മൂക്കുകൾ. ധ്മാപന നസ്യം (ചൂർണം നസ്യം), ധൂമപാനം (ഔഷധ പുക മൂക്കിലൂടെ വലിക്കൽ) തുടങ്ങിയ ആയുർവേദ ചികിത്സകൾ ഇങ്ങനെയാണ് നടത്തുന്നത്. ഇവയ്ക്ക് കഫപ്രധാനമായ രോഗങ്ങളിലും അവസ്ഥകളിലും ഏറെ പ്രാധാന്യമുണ്ട്. ഇതിന്റെ പ്രായോഗികവും ലളിതവുമായ ഒരു പുനരാവിഷ്‌കാരമായി ആയുർ മാസ്‌കിനെ കാണുവാൻ കഴിയും. മാത്രവുമല്ല കൈത്തറി ഇഴകളിൽ പൊതിഞ്ഞ മരുന്നുകളുടെ സൂക്ഷ്മാംശങ്ങൾ ക്രമേണ ശ്വാസത്തിലൂടെ ശരീരകോശങ്ങളിലേക്കു കടത്തി വിടുന്ന മൈക്രോ എൻകാപ്‌സ്യുലേഷൻ എന്ന നൂതന ആശയവുമായി ആയുർ മാസ്‌ക് ഡിസൈൻ സാദൃശ്യപ്പെട്ടിരിക്കുന്നു.

ഔഷധ ഗന്ധമുള്ള മാസ്‌ക്കുകൾ ധരിക്കുമ്പോൾ മരുന്നിന്റെ മണവും ഗുണവും ശ്വാസകോശത്തിലേക്ക് കടക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യുമെന്ന് നിർമാതാക്കൾ പറയുന്നു. നാല് പ്രാവശ്യം വരെ കഴുകി ഉപയോഗിച്ചാലും ആയുർവേദ മരുന്നിന്റെ സാന്നിധ്യം മാസ്‌ക്കുകളിലുണ്ടാകും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദൻ ആണ് ആയുർ മാസ്‌ക്ക് വിപണിയിൽ അവതരിപ്പിച്ചത്.

ആയുർ മാസ്‌ക്കിന്റെ വില 35 രൂപ. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് കോഓപ്പറേറ്റീവ് സൊസൈറ്റി, എ.എം.എ.ഐ ലെയ്‌സൺ ഓഫീസ് എന്നിവിടങ്ങളിൽ മാസ്‌ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 98473 20018.  ഇമെയിൽ [email protected]