ആരാംകോയിൽ പുന:സംഘന

Posted on: May 2, 2015

Aramco-big

ഖോബർ : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയിൽ സൗദി അറേബ്യ അഴിച്ചുപണി നടത്തി. നിലവിലുള്ള സിഇഒ ഖാലിദ് അൽ ഫാലിഹിനെ ആരാംകോ ചെയർമാനായി നിയമിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അമിൻ അൽ നാസറിന് ചീഫ് എക്‌സിക്യൂട്ടീവിന്റെ ചുമതല നൽകി. ആരാംകോയെ എണ്ണമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നിന്നും മാറ്റിയേക്കും. ഇതോടെ ആരാംകോയ്ക്ക് പൂർണ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കും.

സുപ്രീം പെട്രോളിയം കൗൺസിലിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ഈ വർഷം ആദ്യം സുപ്രീം ഇക്‌ണോമിക് കൗൺസിൽ രൂപീകരിച്ചിരുന്നു. ബിസിനസ് തീരുമാനങ്ങൾ വേഗത്തിലാക്കാനും ആരാംകോയെ ശക്തിപ്പെടുത്താനും പുതിയ തീരുമാനങ്ങൾ ഇടയാക്കുമെന്ന് എണ്ണ മന്ത്രാലയത്തിലെ സീനിയർ ഉപദേഷ്ടാവ് മുഹമ്മദ് അൽ സബാൻ വിശദീകരിച്ചു,

പ്രതിദിനം 10 ദശലക്ഷം ബാരലാണ് ആരാംകോയുടെ ഉത്പാദനം. ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് ഓയിൽ കമ്പനിയായ എക്‌സൺ മൊബിലിന്റെ ഉത്പാദനത്തിന്റെ മൂന്ന് മടങ്ങ് വരുമിത്. 265 ബില്യൺ ബാരലാണ് ആരാംകോയുടെ ക്രൂഡ് റിസർവ്. ആഗോള എണ്ണ നിക്ഷേപത്തിന്റെ 15 ശതമാനത്തിൽ അധികം വരുമിത്. എക്‌സൺ മൊബിലിനേക്കാൾ 10 മടങ്ങ് വരും. ദീർഘകാലം അമേരിക്കയായിരുന്നു ആരാംകോയെ നയിച്ചിരുന്നത്.