ഏഷ്യയില്‍ ഒന്നാം സ്ഥാനം : അഭിമാന നേട്ടവുമായി കേരള ബാങ്ക്

Posted on: December 3, 2022

തിരുവനന്തപുരം : വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറില്‍ കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ച് ഊരാളുങ്കല്‍ സൊസൈറ്റിയും കേരള ബാങ്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഗോള റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, കേരള ബാങ്ക് സഹകരണ രംഗത്ത് ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം എന്ന പദവിയോടെയാണ് ലോക റാങ്ക് പട്ടിക യില്‍ ഇടം നേടിയതെന്ന് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യവസായം അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് ഊരാളുങ്കലിന് അംഗീകാരം കേരള ബാങ്ക് ഏഴ് വ്യത്യസ്ത മേഖലകളില്‍ ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ 35-ാം റാങ്ക് നേടി, ധനകാര്യ സേവന മേഖലയില്‍ കേരള ബാങ്ക് ലോകത്ത് ഏഴാം സ്ഥാനത്തും, ഏഷ്യയില്‍ ഒന്നാമതുമാണ്. ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വലിപ്പത്തില്‍ നാലാമതാണ് കേരള ബാങ്ക്.

ഇന്റര്‍നാഷണല്‍ കോപ്പറേറ്റിവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നു വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടായ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. ഇത് കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.