സിയാൽ സമ്മർ ഷെഡ്യൂൾ : ആഴ്ചയിൽ 1190 വിമാന സർവീസുകൾ

Posted on: March 24, 2022

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 27 മുതല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) വേനല്‍ക്കാല വിമാന സമയക്രമം പ്രഖ്യാപിച്ചു. 27 മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വേനല്‍ക്കാല സമയ പട്ടികയില്‍ പ്രതിവാരം 1190 സര്‍വീസുകളുണ്ട്. പുതിയ സമയ പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍ നിന്ന് 20 വിമാനക്കമ്പനികള്‍ വിദേശ സര്‍വീസുകള്‍ നടത്തും. ഇതില്‍ 16 എണ്ണം വിദേശ വിമാനക്കമ്പനികളാണ്.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയാണ് അന്താരാഷ്ട്ര സര്‍വീസുകളില്‍ മുന്നില്‍. ഇന്‍ഡിഗോ ആഴ്ചയില്‍ 42 വിദേശസര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് -38, എയര്‍ ഏഷ്യ ബെര്‍ഹാദ് -21, ഇതിഹാദ് -21, എമിറേറ്റ്സ് -14, ഒമാന്‍ എയര്‍ -14, ഖത്തര്‍ എയര്‍ -14, സൗദി അറേബ്യന്‍ -14, കുവൈത്ത് എയര്‍വേസ് -8, തായ് എയര്‍ ഏഷ്യ -4, ശ്രീലങ്കന്‍ -10, ഗള്‍ഫ് എയര്‍ -7, ഫ്‌ളൈ ദുബായ് -3, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് -7, സ്‌പൈസ് ജെറ്റ് -6 എന്നിങ്ങനെയാണ് മറ്റു വിമാനക്കമ്പനികളുടെ പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍. 

ദുബായിലേക്ക് മാത്രം ആഴ്ചയില്‍ 44 വിമാനങ്ങള്‍ പറക്കും. അബുദാബിയിലേക്ക് -42, ലണ്ടനിലേക്ക് -3, ബാങ്കോക്കിലേക്ക് -4 എന്നിങ്ങനെ പ്രതിവാര സര്‍വീസുകള്‍ ഉണ്ട്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എയര്‍ ഏഷ്യ ബെര്‍ഹാദ്-ക്വലാലംപുര്‍ സര്‍വീസ് നടത്തുന്നത്. ആഭ്യന്തര വിമാനസര്‍വീസുകളുടെ എണ്ണത്തിലും കുതിപ്പുണ്ട്. ആഴ്ചയില്‍ 668 സര്‍വീസുകളുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്കും കൊച്ചിയില്‍നിന്ന് വിമാനങ്ങള്‍ ഉണ്ടാവും.

ആഴ്ചയില്‍ ഡല്‍ഹിയിലേക്ക് -63, മുംബൈയിലേക്ക് -55, ഹൈദരാബാദിലേക്ക് -39, ചെന്നൈയിലേക്ക് -49, ബെംഗളുരിവിലേക്ക് -79, കൊല്‍ക്കത്തയിലേക്ക് -7 സര്‍വീസുകള്‍ വീതം ഉണ്ടാവും. പുണെ, തിരുവനന്തപുരം, മൈസൂരു, കണ്ണൂര്‍, ഹുബ്ബള്ളി, അഗത്തി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് ഉണ്ട്.

TAGS: Cial |