ഏഴാമത് സീഡിംഗ് കേരള- ഏയ്ഞ്ചല്‍ നിക്ഷേപക സംഗമം ഫെബ്രുവരിയില്‍

Posted on: January 17, 2022

 

കൊച്ചി : ഏയ്ഞ്ചല്‍ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തുന്നതിനും അതു വഴി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള സമ്മേളനത്തിന്റെ ഏഴാം ലക്കം ഫെബ്രുവരി 2, 3 തിയതികളില്‍ നടക്കും. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി.

സീഡിംഗ് കേരള വഴി തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും അതു വഴി നിക്ഷേപം ആകര്‍ഷിക്കാനും സാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കാനും പങ്കെടുക്കുന്നതിനുള്ള അവസരത്തിനുമായി https://seedingkerala.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. പരിപാടിയിലേക്കുള്ള പ്രവേശനം ക്ഷണക്കത്തിലൂടെ പരിമിതപ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സംവദിക്കാനും നിക്ഷേപസാധ്യതകള്‍ ആരായാനും അവസരമുണ്ടാകും. മൂലധനസമാഹരണവും, മികച്ച സാങ്കേതിക വിദ്യകളെക്കുറിച്ച് വിദഗ്ധരില്‍ നിന്നു തന്നെ മനസിലാക്കാനുള്ള അവസരവുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈവരുന്നത്.

മികച്ച ആശയങ്ങളും മാതൃകകളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയിലേക്കിറങ്ങുന്നതിനു വേണ്ടി ശൈശവദശയില്‍ നല്‍കുന്ന നിക്ഷേപങ്ങളെയാണ് ഏയ്ഞ്ചല്‍ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങിയവ സീഡിംഗ് കേരളയുടെ ഭാഗമായുണ്ട്.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്കാണ് പങ്കെടുക്കാനവസരം. 100 നിക്ഷേപ ശേഷിയുള്ളവരും (എച്എന്‍ഐ) 10 മികച്ച നിക്ഷേപക ഫണ്ടുകളും 14 ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കുകള്‍, 30 തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, 30 കോര്‍പറേറ്റുകള്‍ തുടങ്ങിയവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രാരംഭമായി ലഭ്യമാക്കുന്ന ഏയ്ഞ്ചല്‍ നിക്ഷേപങ്ങള്‍ക്കാണ് സീഡിംഗ് കേരള പ്രാധാന്യം നല്‍കുന്നത്.

യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, സീ ഫണ്ട്, സ്‌പെഷ്യാല്‍ ഇന്‍വസ്റ്റ് എന്നിവയാണ് നിക്ഷേപക പങ്കാളികള്‍. മലബാര്‍ ഏയ്ഞ്ചല്‍സ്, കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്‌സ് എന്നിവയാണ് ഏയ്ഞ്ചല്‍ പങ്കാളികള്‍. സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ സംബന്ധിച്ച നിരവധി വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സീഡിംഗ് കേരളയുടെ മുഖ്യ ആകര്‍ഷണമാണ്.