സിയാൽ 2030 ടെ ലാൻഡിംഗ് ഫീസും പാർക്കിംഗ് ഫീസും ഒഴിവാക്കും : വി.ജെ.കുര്യൻ

Posted on: June 10, 2021

കൊച്ചി : കൊച്ചി  വിമാനത്താ വളത്തില്‍ ലാന്‍ഡിംഗ് ഫീസോ പാര്‍ക്കിംഗ് ഫീസോ ഈടാക്കാ
തെ ലാഭത്തില്‍ മുന്നോട്ടുകൊണ്ടുപോകാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സിയാല്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നു വിരമിക്കുന്ന എം.ഡി: വി.ജെ. കുര്യന്‍ പത്രലേഖകരോടുപറഞ്ഞു.

റെയിലിനു പടിഞ്ഞാറ്‌ വശത്തായി നാഷണല്‍ ഹൈവെയോടു ചേര്‍ന്നു കിടക്കുന്ന നൂറേക്കറോളം സ്ഥലം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ട്രേഡ് സെന്ററുകളും ഹോട്ടലുകളും മാളുകളും ഇന്റര്‍നാഷണല്‍ ഫെയറുകളും ഇവിടെ നടത്താന്‍ കഴിയും. ഇതോടെ വരുമാന വര്‍ധനയുണ്ടാകും. വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ഫീസുകള്‍ ഒഴിവാക്കുന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തും. ടൂറിസ്റ്റുകളുടെവരവും പതിന്മടങ്ങ് വര്‍ധിക്കും.

കഴിഞ്ഞ ആറു മാസമായി നഷ്ടത്തിലാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഉടനെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.282 ശതമാനം ലാഭവിഹിതം മടക്കി നല്‍ക്കിക്കഴിഞ്ഞു. 2019-20 ല്‍ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു. 2015 ല്‍ സിയാല്‍, ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറി.

നിലവില്‍ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോര്‍ജ സ്ഥാപിതശേഷി. കണ്ണൂരിലെ പയ്യന്നുരില്‍ 12 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയുടെയും കോഴിക്കോട് അരിപ്പാറയില്‍ 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെയും അവസാനഘട്ടപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2016-21 ല്‍ മാത്രം 2016 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സിയാലില്‍ നടന്നു. പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനാരംഭം, ആഭ്യന്തര ടെര്‍മിനല്‍ നവീകരണം, റണ്‍വേ റീസര്‍ഫസിംഗ്, വെള്ളപ്പൊക്ക നിവാരണപദ്ധതി എന്നിവ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം നടപ്പിലാക്കി, ജീവനക്കാര്‍ക്കു നല്ല ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ കഴിഞ്ഞു.

വിമാനത്താവള കമ്പനി പബ്ലിക് ഇഷ്യുവിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും അങ്ങനെ സിയാല്‍ നിയന്ത്രണം സര്‍ക്കാരില്‍ നിന്നു വിട്ടുപോകുമെന്നും വി.ജെ.കുര്യന്‍ പറഞ്ഞു. സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പടിയിറങ്ങുന്നതെന്നും ശേഷിക്കുന്ന കാലം കൃഷിയുമായി ബന്ധപ്പെട്ടു പോകാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.