എം എ യൂസഫലി ഫോബ്‌സ് അതിസമ്പന്ന പട്ടികയിൽ വീണ്ടും മുന്നിൽ

Posted on: April 8, 2021

കൊച്ചി : ലോകത്തിലെ അതിസമ്പന്നരുടെ ഈ വര്‍ഷത്തെ ഫോബ്സ് പട്ടികയില്‍ 10 മലയാളികള്‍ ഇടംപിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തിമൂല്യം. ആഗോളതലത്തില്‍ 589-ാം സ്ഥാനവും ഇന്ത്യയില്‍ 26-ാമതുമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്ക് ഉണ്ടായിരുന്നത്.

330 കോടി ഡോളര്‍ (24,500 കോടി രൂപ) ആസ്തിയോടെ ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളില്‍ രണ്ടാമന്‍. ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ള, ബൈജൂസിന്റെ സഹ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (250 കോടി ഡോളര്‍ വീതം) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), മുത്തൂറ്റ് ഗ്രൂപ്പ് മേധാവികളായ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവര്‍ (130 കോടി ഡോളര്‍ വീതം), കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ 100 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

TAGS: M.A Yusuff Ali |