ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് വർധന : ഏപ്രിൽ മുതൽ വിമാനയാത്രാ നിരക്കിൽ വർധന

Posted on: March 31, 2021

ന്യൂഡല്‍ഹി : ഏപ്രില്‍ ഒന്നു മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രാ നിരക്ക് കൂടും. ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് നിരക്ക് വര്‍ധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ ഏവിയേഷൻ സെക്യൂരിറ്റീ ഫീസ്  200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയോളം (പന്ത്രണ്ട് ഡോളറിന് തുല്യമായി ഇന്ത്യന്‍ രൂപ) ആണ് ഡിജിസിഎ വര്‍ധിപ്പിച്ചിരിക്കുന്നത്.

രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍, നയതന്ത സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, കൃത്യനിര്‍വഹണത്തിലുള്ള എയര്‍ ലൈന്‍ ജീവനക്കാര്‍, യുഎൻ സമാധാന സേനാംഗങ്ങൾ തുടങ്ങിയവർക്ക്  വര്‍ധിപ്പിച്ച ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി.

നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാഷ്ട്രയാത്രയ്ക്ക് 114,8 രൂപയുമായിരുന്നു ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് . അതിനിടെ, രാജ്യം രണ്ടാം കോവിഡരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന യാതക്കാര്‍ക്ക് എതിരേ തത്സമയം പിഴ ചുമത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കുടുപ്പിക്കാന്‍ ഡിജിസിഐ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ അടക്കമുള്ളവര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. മാസ്‌ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നും നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാധ്യത പരിശോധിക്കണം. പോലീസിന്റെ സഹായം തേടണമെന്നും ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.