കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ

Posted on: December 21, 2020

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് പ്രൊപ്പല്‍ഷനും ബാറ്ററി സംയോജിത സാങ്കേതികവിദ്യയും സാമന്വയിപ്പിച്ച് കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന ബോട്ടുകളില്‍ നൂതന സാങ്കേതികവിദ്യകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ‘സീമെന്‍സി’നെ തിരഞ്ഞെടുത്തു.

കൊച്ചി മെട്രോയ്ക്ക് വേണ്ടി കപ്പല്‍ശാല നിര്‍മിക്കുന്ന 23 ബോട്ടുകളിലാണ് സീമെന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ് ട്രെയിന്‍, എനര്‍ജി സ്റ്റോറേജ് ഇന്റഗ്രേഷന്‍ (ബാറ്ററി) യന്ത്രവത്കരണ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് ബോട്ടുകളെ സജ്ജമാക്കുന്ന ജോലികളാണ് കമ്പനി ചെയ്യുക.

ആധുനിക സാങ്കേതികവിദ്യകള്‍ സ്ഥാപിക്കുന്നതിലൂടെ ബോട്ടുകളുടെ ഇന്ധനക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കഴിയും. കൂടാതെ, ബോട്ടുകളുടെ സുരക്ഷിതത്വവും കര്യക്ഷമതയും ലക്ഷ്യംവച്ചുകൊണ്ട് ബോട്ടുജെട്ടികളില്‍ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും സീമെന്‍സിനെ ചുമതലപ്പടുത്തിയിട്ടുണ്ട്.

നൂതന സാങ്കേതികവിദ്യകളിലൂടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സീമെന്‍സുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്ന് കൊച്ചി കപ്പല്‍ശാലാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍ അഭിപ്രായപ്പെട്ടു. നൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ബോട്ടുകള്‍ നവീകരിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡീ കാര്‍ബണൈറ്റിനോടും പരിസ്ഥിതി സുസ്ഥിരതയോടും കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഈ പദ്ധതി ഏറ്റെടുത്തത്തിലൂടെ ദൃശ്യമാകുന്നതെന്നും സീമെന്‍സ് ലിമിറ്റഡ് എനര്‍ജി ഹെഡ് ഗെര്‍ഡ് ഡ്യുസ്സര്‍ പറഞ്ഞു.

TAGS: Cochin Shipyard |