കൊച്ചി കപ്പല്‍ശാലയില്‍ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണം തുടങ്ങി

Posted on: November 26, 2020

കൊച്ചി : കൊച്ചി കപ്പല്‍ശാല ആദ്യമായി നിര്‍മ്മിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കമായി. നോര്‍വെ കമ്പനിയായ അസ്‌കോ ആന്റ് അസ്‌കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയില്‍ ഈ ‘കപ്പിത്താനില്ലാ കപ്പലുകള്‍’ നിര്‍മിക്കുന്നത്.

നിര്‍മാണത്തിനു തുടക്കം കുറിച്ച് ബി.വൈ 146 എന്ന കപ്പലിന്റെ പ്ലേറ്റ് കട്ടിംഗ് അസ്‌കോ ചെയര്‍മാന്‍ തുര്‍ബിയൊന്‍ യൊഹാന്‍സന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടേയും ബി.വൈ 147 കപ്പലിന്റെ പ്ലേറ്റ് കട്ടിംഗ് കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ (ഓപറേഷന്‍സ്) എന്‍. വി സുരേഷ് ബാബുവും നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍, തുര്‍ബിയൊന്‍ യൊഹാന്‍സന്‍, അസ്‌കോ മാരിടൈം എംഡി കയ് ജസ്റ്റ് ഒസ്ലെന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

രണ്ട് സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാല ജൂലൈയിലാണ് നോര്‍വീജിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. നോര്‍വെ കമ്പനിയായ അസ്‌കോ മരിടൈം എഎസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. രണ്ടു സമാന ഫെറികള്‍ കൂടി കൊച്ചിയില്‍ നിര്‍മിക്കും. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോര്‍വെ പദ്ധതിയാണ് ഈ ‘കപ്പിത്താനില്ലാ കപ്പലായ’ ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിര്‍മാണം. ഈ പദ്ധതിക്ക് നോര്‍വെ സര്‍ക്കാരിന്റെ പിന്തുണയും ഉണ്ട്.

67 മീറ്റര്‍ നീളമുള്ള ഈ ചെറു കപ്പലുകള്‍ പൂര്‍ണ സജ്ജമായ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ട് ഫെറി ആയിട്ടായിരിക്കും നോര്‍വെക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ചരക്കു നിറച്ച 16 ട്രെയ്‌ലറുകള്‍ വഹിക്കാനുള്ള ശേഷി ഈ ഫെറികള്‍ക്കുണ്ടാകും. കൊച്ചിന്‍ ഷിപ്യാര്‍ഡ് പൂര്‍ണമായും എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന ഈ കപ്പലിന്റെ രൂപകല്‍പ്പന നേവല്‍ ഡൈനമിക്‌സ് നോര്‍വെ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്ട്രിക് ഫെറി നിര്‍മാണ കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. കോവിഡ്19 പ്രതിസന്ധി കാലത്തും പ്രതിബന്ധങ്ങളെ മറികടന്നാണ് ഈ അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ കരാര്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്. പുതിയ കരാറോടെ കൊച്ചിന്‍ ഷിപ്യാര്‍ഡിന് ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍നിര്‍മാതാക്കളുടെ ശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

TAGS: Cochin Shipyard |