ടാറ്റാ ഗ്രൂപ്പ് ബിഗ് ബാസ്‌ക്കറ്റിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: December 3, 2020

മുംബൈ : ബംഗലുരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഗ്രോസറി പോര്‍ട്ടലായ ബിഗ് ബാസ്‌കറ്റിന്റെ 9600 കോടിരൂപ ചെലവിട്ട് 80 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഇടപാടുസംബന്ധിച്ച് ഏകദേശധാരണയായെന്നുമാണ് റിപ്പോര്‍ട്ട്.

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടുവെക്കാന്‍ തയ്യാറെടുക്കുന്ന ടാറ്റാ ഗ്രൂപ്പ് രാജ്യത്തെ ഓണ്‍ലൈന്‍ ഗ്രോസറി വിപണിയുടെ വലിയൊരു പങ്ക് നേരിട്ട് സ്വന്തമാക്കാനാണ് ഇടപാടിലൂടെ ലക്ഷ്യമിടുന്നത്.

അഞ്ചുമാസമായി ബിഗ് ബാസ്‌കറ്റുമായി ടാറ്റാ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. നിലവിലെ നിക്ഷേപകരില്‍നിന്ന് 50 മുതല്‍ 60 ശതമാനം വരെ ഓഹരികളും 20 മുതല്‍ 30 ശതമാനംവരെ പുതിയ ഓഹരികളും വാങ്ങാനാണ് ഏകദേശ ധാരണയായിട്ടുള്ളത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാല്‍, ടാറ്റാ ഗ്രൂപ്പോ ബിഗ് ബാസ്‌കറ്റോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

ദിവസം മൂന്നുലക്ഷത്തോളം ഓര്‍ഡറുകളാണ് ബിഗ്ബാസ്‌കറ്റിന് ലഭിക്കുന്നത്. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ കൈവശമുള്ള 29 ശതമാനം ഓഹരികള്‍ ഉള്‍പ്പെടെ ടാറ്റാ ഗ്രൂപ്പ് വാങ്ങിയേക്കും.

 

TAGS: Tata Group |