ടാറ്റാ ഗ്രൂപ്പ് 300 കോടി രൂപ എയർ ഏഷ്യ ഇന്ത്യയിൽ നിക്ഷേപിക്കും

Posted on: October 8, 2020

മുംബൈ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ‘എയര്‍ ഏഷ്യഇന്ത്യ’ക്ക് താത്കാലികാശ്വാസം നല്‍കി ടാറ്റ ഗ്രൂപ്പ്. മലേഷ്യന്‍ വ്യോമയാന കമ്പനിയായ എയര്‍ ഏഷ്യ ബര്‍ഹാഡിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള എയര്‍ ഏഷ്യഇന്ത്യയില്‍ ഓഹരിയാക്കി മാറ്റാവുന്ന കടപ്പത്രങ്ങള്‍ വഴി അടിയന്തര ഫണ്ടായി 300 കോടി രൂപ നല്‍കാനാണ് ടാറ്റ ഗ്രൂപ്പ് തീരുമാനം.

ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകും. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് എയര്‍ ഏഷ്യ ജപ്പാന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനുപിന്നാലെ എയര്‍ ഏഷ്യഇന്ത്യക്ക് ഫണ്ട് നല്‍കുന്നത് എയര്‍ ഏഷ്യ ബര്‍ഹാഡ് നിര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ടാറ്റ സണ്‍സ് അടിയന്തര ഫണ്ട് ലഭ്യമാക്കുന്നത്. എയര്‍ ഏഷ്യഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പിന്റെ 51 ശതമാനവും എയര്‍ ഏഷ്യബര്‍ഹാഡിന് 49 ശതമാനവും ഓഹരികളാണുള്ളത്.

സംരംഭത്തില്‍നിന്ന് പിന്‍മാറാന്‍ എയര്‍ ഏഷ്യ ബര്‍ഹാഡ് ശ്രമിച്ചുവരികയാണ്. ഓഹരികള്‍ ടാറ്റസണ്‍സ് ഏറ്റെടുക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.  ഓഹരിവില സംബന്ധിച്ച്  ധാരണയിലെത്താത്തതാണ് ഇടപാടിന് തടസ്സമാകുന്നത്. അതിനിടെ, ഷഹൂര്‍ജി പല്ലോന്‍ജിഗ്രൂപ്പിന്റ ടാറ്റ സണ്‍സിലെ ഓഹരികള്‍ ഏറ്റെടുക്കേണ്ടിവരുന്നത് ടാറ്റസണ്‍സിന് വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നുണ്ട്.

TAGS: Tata Group |